ഹൈദരാബാദില്‍ നിന്നെത്തുന്ന ലോറിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് തുളസീധരന്‍ പിള്ള കാത്തിരിക്കുന്നു!
ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലെ ചിന്നടിക്കയില് അപകടത്തില്‍പ്പെട്ട സ്വന്തം ലോറിയില്‍ കഴിയുന്ന കടവന്ത്ര ചെലവന്നൂര്‍ തിരുനിലത്ത് ഹൗസില്‍ തുളസീധരന്‍ പിള്ള (59) പ്രതീക്ഷ വെടിഞ്ഞിട്ടില്ല. 'ഹൈദരാബാദില്നിന്നൊരു ലോറി വരാനുണ്ട്, അതില്‍ കയറിയാല്‍ 7 മണിക്കൂര്‍കൊണ്ട് ബെംഗളൂരുവിലെത്താം. അവിടെനിന്ന് കേരളത്തിലേക്കു ലോറി കിട്ടും, അങ്ങനെ കൊച്ചിയിലുമെത്താമെന്നാണ് പ്രതീക്ഷ'. ഡ്രൈവറായി കടവന്ത്ര സ്വദേശി മൈക്കിള്‍ ബാബുവും (59) ഒപ്പമുണ്ട്.
കൊച്ചിയില്‍നിന്ന് ഉത്തര്‍ പ്രദേശിലെ നോയിഡയിലേക്ക് അവശ്യവസ്തുക്കളുടെ ലോഡുമായി 17-ന് രാത്രി 11 മണിക്കാണ് ഇരുവരും പുറപ്പെട്ടത്. ലോക്ഡൗണില്‍ ദിവസങ്ങളായി പണിയൊന്നുമില്ലാതെ കഴിയുന്നതിനിടയിലാണ് ഈ ഓര്‍ഡര്‍ ലഭിച്ചത്. ലോക്ഡൗണില്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിയതോടെയാണ് ട്രെയിനില്‍ കൊണ്ടുപോകേണ്ട സാധനം ലോറിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ലോക്ഡൗണില്‍ ഗതാഗതക്കുരുക്കില്ലാത്ത ഒരു യാത്രയുടെ ഹരം മനസ്സില്‍ക്കണ്ടാണ് കൊച്ചിയില്‍നിന്ന് ഇരുവരും പുറപ്പെട്ടതും. ആയിരം കിലോമീറ്ററിലേറെ അതേ ഹരത്തില് യാത്ര തുടരുകയും ചെയ്തു.
എന്നാല്‍ എക്സ്പ്രസ് ഹൈവേയില്‍ 18-ന് രാത്രി എട്ടരയോടെ വണ്‍വേ തെറ്റിച്ച് കടന്നുവന്ന ട്രാക്ടറുമായി കൂട്ടിയിടിച്ചതോടെ യാത്രയ്ക്ക് വിരാമമായി. ഇരുവര്‍ക്കും പരുക്കേറ്റു. അടുത്തുള്ള താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടത്തെ സൗകര്യങ്ങളും വൃത്തിഹീനമായ സാഹചര്യവും തിരിച്ചറിഞ്ഞ ഇവര്‍ പ്രാഥമികചികില്‍സ മാത്രം നേടി പുറത്തിറങ്ങി. പിന്നീട് താമസം ലോറിയില്‍ത്തന്നെ. വൃന്ദാവന്‍ ഫാര്‍മസി കോളജിനടുത്താണ് അപകടം നടന്നത്.
മറ്റൊരു ലോറി വന്നു സാധനങ്ങള്‍ കൊണ്ടുപോയി. ലോക്ഡൗണില്‍ ഇരുവര്‍ക്കും തിരിച്ച് നാട്ടിലെത്താന്‍ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തുളസീധരന്‍ പിള്ളയുടെ മകന് ആദര്‍ശ് പ്രാദേശിക സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ ആദര്‍ശിന് ആന്ധ്രയിലെത്താന്‍ രേഖകള്‍ തയാറായി. സിപിഎം ഏരിയാ കമ്മിറ്റിയംഗം പി.ആര്. റെനീഷും മറ്റും ഇടപെട്ടാണ് ഇതിനു വഴിയൊരുങ്ങിയത്.
എന്നാല്‍ കേരളത്തില്‍ കടന്നാല്‍ തുടര്‍യാത്ര തടസ്സപ്പെട്ടേക്കുമെന്ന മുന്നറിയിപ്പു ലഭിച്ചതിനാല്‍ അതുപേക്ഷിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍തലത്തില്‍ നടത്തിയ നീക്കത്തിലൂടെ നോര്‍ക്ക അധികൃതരുടെ സഹായത്തോടെ തുളസീധരന്‍ പിള്ളയ്ക്കും മൈക്കിള്‍ ബാബുവിനും ഭക്ഷണം ഉള്‍പ്പെടെ സഹായങ്ങളും തിരിച്ചുവരവിന് വഴിയും തുറന്നത്.
https://www.facebook.com/Malayalivartha