ഒന്നര മാസമായി മേട്ടുപ്പാളയത്ത് ബന്ധുവീട്ടില്‍ കുടുങ്ങിയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി
പട്ടാമ്പിയ്ക്കടുത്ത് വല്ലപ്പുഴ ചെറുകോട് പീടിയേക്കല്‍ മുസ, മകനേയും അളിയന്റെ മകനേയും അരികില്‍ കിട്ടിയതിന്റെ ആശ്വാസത്തിലാണ്. വേനല്‍ അവധിക്ക് മേട്ടുപ്പാളയത്ത് ബന്ധുവീട്ടില്‍ വിരുന്ന് പോയതാണ് എട്ടു വയസ്സുകാരനായ മുഹമ്മദ് ഫയാസും മൂസയുടെ ഭാര്യാ സഹോദരന് കാരക്കാട് ചേരിക്കല്ലില്‍ സിദ്ദീഖിന്റെ മകന് 14-കാരനായ മുഹമ്മദ് ഫായിസും. കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒന്നര മാസമായി നാട്ടിലേക്ക് തിരിച്ച് വരാന്‍ കഴിയാതെ മേട്ടുപ്പാളയത്ത് കുട്ടികള്‍ കുടുങ്ങിയിരിക്കയായിരുന്നു.
കുട്ടികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഫയാസിന്റെ പിതാവ് പീടിയേക്കല്‍ മൂസ അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്കി. കുട്ടികള്‍ മേട്ടുപ്പാളയത്ത് ബന്ധു വീട്ടില്‍ കുടുങ്ങി നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ വിഷമിക്കുന്നതായുള്ള മനോരമ വാര്‍ത്ത വ്യാപാരി വ്യവസായി ഏകോപനസമിതി നസറുദ്ദീന്‍ വിഭാഗം ജില്ല പ്രസിഡന്റ് വി.എം. ലത്തീഫ് ജില്ലാ കലക്ടറുടെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും ശ്രദ്ധയില്പെടുത്തിയ ശേഷം കുട്ടികളെ തിരിച്ചെത്തിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. മനോജ് കുമാറിന്റെ ഇടപെടലാണ് കുട്ടികളെ വേഗം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. മനോജ് കുമാറിന്റെ ഇടപെടലുകളെ തുടര്‍ന്ന് തമിഴ്നാട് പൊലീസ് കുട്ടികളെ പാലക്കാട് ജില്ലാ അതിര്‍ത്തിയിലെത്തിച്ച് ഇന്നലെ വൈകിട്ട് രക്ഷിതാവ് വല്ലപ്പുഴ ചെറുകോട് പീടിയേക്കല്‍ മുസയ്ക്ക് കൈമാറുകയായിരുന്നു.വ്യാപാരി കൂടിയായ മൂസ കുട്ടികളെ തിരിച്ചെത്തിക്കാന്‍ ജില്ലാ കലക്ടറുടെയും വ്യാപാരി നേതാക്കളുടെയും സഹായം തേടിയിരുന്നു.
https://www.facebook.com/Malayalivartha