കോവിഡ്: യോഹാന്‍ പാസ്പോര്‍ട്ടില്ലാതെ പറന്നിറങ്ങി
കോവിഡ് ഭീതിയെ തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ എങ്ങനെയും നാട്ടിലെത്താന്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ എത്തിയതാണ് അനില്‍ തോമസ് ഉമ്മനും കുടുംബവും. അപ്പോഴാണ് 10 വയസ്സുള്ള മകന് യോഹാന്റെ പാസ്പോര്‍ട്ട് കാലാവധി ഒരു മാസം മുന്‍പു തീര്‍ന്ന വിവരം പിതാവ് അനില്‍ തോമസ് ഉമ്മന്‍ അറിഞ്ഞത്. നാട്ടിലെത്താനുള്ള പരക്കംപാച്ചിലിനിടെ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് ഇക്കാര്യം ചൂണ്ടിക്കാട്ടി യാത്രാനുമതി നിഷേധിച്ചു.
വിഷമത്തിലായ അനില്‍ തോമസ്, ബഹ്റൈന്‍ മലയാളി സോഷ്യല്‍ ഫോറം ഭാരവാഹികളായ ഇബ്രാഹിം അദ്ഹം, ബഷീര്‍ അമ്പലായി എന്നിവരുടെ സഹായം തേടി. അവര്‍ ഉടന്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നു കയറ്റിവിട്ടാലും കൊച്ചിയില്‍ ഇറങ്ങാന്‍ അനുമതി കിട്ടില്ലെന്നായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്.
ഫോറം ഭാരവാഹികള്‍ നെടുമ്പാശേരിയില്‍ സഹായിക്കാനാവുമോ എന്നു ചോദിച്ചു അന്‍വര്‍ സാദത്ത് എംഎല്‍എയെ ബന്ധപ്പെട്ടു. അദ്ദേഹം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍, എയര്‍ ഇന്ത്യ അധികൃതരെ സമീപിച്ചു. കോവിഡ് സാഹചര്യമായതിനാല്‍ വിട്ടുവീഴ്ചയ്ക്ക് അവരും തയാറായി. ബഹ്റൈനിലെ എയര്‍ ഇന്ത്യ ഓഫിസിലേക്കു വിമാനത്താവളത്തില്‍ നിന്നു സന്ദേശം പാഞ്ഞു, യോഹാനെ കയറ്റിക്കൊള്ളാന്‍.
അങ്ങനെ നാലംഗ കുടുംബത്തില്‍ യോഹാന്‍ ഒഴികെയുള്ളവര്‍ക്കു മാത്രം ബോര്‍ഡിങ് പാസ് ലഭിച്ച് അനിശ്ചിതത്വത്തിലായ യാത്ര തുടരാന്‍ സാഹചര്യമൊരുങ്ങി. കോഴഞ്ചേരി മേലുകര കല്ലുറുമ്പില്‍ അനില്‍ തോമസ് ഉമ്മനും ഭാര്യ ജൂലിയും 2 മക്കളുമായി നാട്ടിലേക്കു തിരിച്ചു. ഏപ്രില്‍ 7-നാണ് യോഹാന്റെ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നത്.
https://www.facebook.com/Malayalivartha