ദാവുദ് കീഴടങ്ങാന്‍ തയ്യാറായിരുന്നു പക്ഷെ... വിവാദ വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഡിഐജി
അധോലോക നായകന് ദാവൂദ് ഇബ്രാഹിം സിബിഐക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങള്‍ മൂലം കേന്ദ്ര അന്വേഷണ ഏജന്‍സി ദാവൂദിന്റെ ഉപാധിവച്ചുളള കീഴടങ്ങല്‍ വാഗ്ദാനം സ്വീകരിച്ചില്ലെന്നും വെളിപ്പെടുത്തല്‍. ഡല്‍ഹി പോലീസ് കമ്മീഷണറായി വിരമിച്ച നീരജ് കുമാറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
1993 മുംബൈ സ്ഫോടനം നടന്ന് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ദാവൂദ് തന്നോട് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് അന്ന് സിബിഐ ഡിഐജി ആയിരുന്ന നീരജ് കുമാര്‍ പറയുന്നു. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങിയാല്‍ തന്നെ എതിര് ഗ്യാംഗ് വകവരുത്തുമെന്ന ഭീതിയും ദാവൂദിനുണ്ടായിരുന്നു.
സിബിഐയുടെ നിര്‍ദേശപ്രകാരമായിരുന്നു ദാവൂദുമായി സംസാരിച്ചത്. എന്നാല്‍, കീഴടങ്ങാന്‍ സന്നദ്ധത പ്രകടിച്ച അധോലോക നായകനുമായി ഉപാധികളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനു മുമ്പ് തന്നെ സംസാരം അവസാനിപ്പിക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. ദാവൂദിന്റെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിച്ച മനീഷ് ലാല വഴിയാണ് താന്‍ ദാവൂദുമായി ബന്ധപ്പെട്ടത്. നാല് തവണ ദാവൂദുമായി സംസാരിച്ചു. നിരപരാധിയെന്ന മട്ടില്‍ കീഴടങ്ങാനായിരുന്നു അധോലോക നായകന്റെ പദ്ധതിയെന്നും നീരജ് പറയുന്നു. തന്റെ ഔദ്യോഗിക കാലത്തെ 10 സുപ്രധാന കേസന്വേഷണങ്ങളെ കുറിച്ചുളള പുസ്തകത്തിലാണ് നീരജ് വിവാദ വെളിപ്പെടുത്തല്‍ നടത്തുന്നത്.
1993 മാര്‍ച്ച് 12 ന് ആണ് മുംബൈയെ നടുക്കിയ 13 സ്ഫോടനങ്ങള്‍ നടന്നത്. ബാബ്റി മസ്ജിദ് തകര്‍ത്തതിനും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ കൊലചെയ്തതിനുമുളള പ്രതികാര നടപടിയാണിതെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയത്. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ദാവുദും ടൈഗര്‍ മേമനും കുടുംബസമേതം പാകിസ്താനിലേക്ക് കടന്നു.
ഉപാധികളോടെ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദാവൂദ് പ്രശസ്ത നിയമജ്ഞനായ റാം ജഠ്മലാനിയെയും അറിയിച്ചിരുന്നു. ശാരീരിക പീഡനത്തിനിരയാക്കരുത് എന്നും എതിര് ഗ്യാംഗില്‍ നിന്ന് സംരക്ഷിക്കണമെന്നും വീട്ടുതടങ്കലില്‍ പാര്പ്പിക്കണമെന്നുമായിരുന്നു ഉപാധികള്‍. എന്നാല്‍, ഉപാധികളോടെയുളള കീഴടങ്ങല്‍ വാഗ്ദാനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha