ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്ട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിക്കുന്നത്. വേനൽമഴയ്ക്കൊപ്പം പെട്ടെന്നുള്ള ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. ബുധനാഴ്ച രാത്രിയും ഇന്നലെയുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചു. എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പല ഇടങ്ങളിലായി ഭേദപ്പെട്ട മഴ ലഭിച്ചു.
ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കീരംപാറ (48.8 മില്ലിമീറ്റർ), പെരുമ്പാവൂർ (48), ഉടുമ്പന്നൂർ (48), കോഴിക്കോട് (46.4), തൊടുപുഴ (37.6), ഇടുക്കി (33.2), പിറവം (25.4) എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിച്ചു. വടക്കൻ ജില്ലകളിലും മലയോര മേഖലയിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കും. വേനൽമഴ പരക്കെ ലഭിക്കുന്നെങ്കിലും പകൽ സമയത്ത് കനത്ത ചൂട് തുടരും.
ആലപ്പുഴ ജില്ലയിൽ ഇന്നലെയും ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. വെയിൽ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈകുന്നേരങ്ങളിൽ മഴ ലഭിക്കുമെങ്കിലും പകൽ ഈ മാസം കൂടി ഉയർന്ന ചൂട് തുടരും. പ്രാദേശികമായി മാത്രം മഴ ലഭിക്കുന്നതാണ് താപനില ഉയർന്നു തന്നെ നിൽക്കാൻ കാരണം.
വൈക്കത്തുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വൈക്കം അയ്യർകുളങ്ങരയിൽ കൂറ്റൻ മരം കടപുഴകി വീണ് ലക്ഷങ്ങളുടെ പൈപ്പുകളും അനുബന്ധ സാമഗ്രികളും നശിച്ചു. 50ലധികം ഇലക്ട്രിക് പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. തൊഴുത്ത് തകർന്ന് വീണ് പശുക്കൾക്ക് പരുക്കേറ്റു. വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് നിൽക്കുന്നപതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരം കടപുഴകി വീണാണ് പൈപ്പുകൾ തകർന്നത്.
അമൃത് പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിനായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന പൈപ്പുകളാണ് പൊട്ടിപോയത്. നഗരസഭ പരിധിയിൽ അമൃത് പദ്ധതി നടപ്പാക്കി വരുന്നതിനിടെയാണ് പൈപ്പുകൾ നശിച്ചത്.അമ്പത്തിഅയ്യായിരം മീറ്റർ ചെറിയ പൈപ്പും 16 കിലോമീറ്റർ വലിയ പൈപ്പുകളുമാണ് 6 മാസം മുമ്പ് എത്തിച്ച് ഇവിടെ സൂക്ഷിച്ചിരുന്നത്. വൈക്കത്തെ പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ച നിലയിലാണ്. അതിനിടെ അധികൃതർ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നല്കിട്ടുണ്ട്.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
https://www.facebook.com/Malayalivartha