നഗരസഭയുടെ ആശ്രയ പദ്ധതി: തമിഴ്നാട് സേലം സ്വദേശി ചെല്ലമ്മയും മകനും നാളെ പുതിയ വീട്ടിലേക്ക്...!
കാല് നൂറ്റാണ്ടായി കോരിച്ചൊരിയുന്ന മഴയിലും കൊടുംചൂടിലും സിഎസ്ഐ കോംപ്ലക്സിലെ കോണിപ്പടിക്കടിയില്‍ അന്തിയുറങ്ങിയിരുന്ന തമിഴ്നാട് സേലം സ്വദേശി ചെല്ലമ്മ(60)യ്ക്കും മകന് മണി(30)ക്കും കണ്ണൂര്‍ നഗരസഭ ആശ്രയ പദ്ധതിയില്‍ മാടപ്പീടിക ആശ്രയ കോളനിയില്‍ നിര്‍മിച്ച വീടുകളിലൊന്നു നല്കുന്നു. കേരളപ്പിറവി ദിനമായ നാളെ 9-മണിക്ക് നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന്റെ നേതൃത്വത്തില്‍ ഗൃഹപ്രവേശം നടക്കും.
ചെല്ലമ്മയും ഭര്‍ത്താവ് സുന്ദരവും വര്‍ഷങ്ങള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ എത്തുമ്പോള്‍ മണി കൈക്കുഞ്ഞായിരുന്നു. മണ്ണില്‍ പതിഞ്ഞ സ്വര്‍ണ്ണത്തരികള്‍ അരിച്ചെടുക്കലായിരുന്നു സുന്ദരത്തിനു ജോലി. സുന്ദരം നേരത്തെ മരിച്ചു. പിന്നീട് ചെല്ലമ്മ പഴയ കുപ്പിയും കടലാസും പെറുക്കി വിറ്റാണ് മകനെ വളര്‍ത്തിയത്.
ഒവി റോഡിലെ കടവരാന്തയില്‍ കഴിഞ്ഞിരുന്ന ഇവര്‍ സിഎസ്ഐ കോംപ്ലക്സ് തുറന്നതോടെ ഇവിടേക്കു മാറി. മണി ബിഇഎംപി ഹൈസ്കൂളില്‍ ആറാം ക്ലാസ് വരെ പഠിച്ചു. പിന്നീട് നഗരത്തിലെ പാതയോരത്ത് ചെരിപ്പ് നന്നാക്കി. നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന് മുന്‍കയ്യെടുത്താണ് ആശ്രയ കോളനിയില്‍ 11 വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന വീട് ഇവര്‍ക്കു നല്‍കുന്നതിന് നഗരസഭയുടെ അഭിപ്രായം തേടിയത്. എല്ലാവരും സമ്മതം മൂളി.
എന്നാല്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളൊന്നും ഇല്ലാത്തത് തടസ്സമായി. ആധാര്‍ കാര്‍ഡ് നഗരസഭ അധികൃതര്‍ തന്നെ താല്പര്യമെടുത്ത് ശരിയാക്കി. ഏറെനാള്‍ പൂട്ടിയിട്ടിരുന്നതിനെത്തുടര്ന്ന് വീടിന്റെ ജനലും വാതിലുകളും ദ്രവിച്ചു പോയിരുന്നു. ശുചിമുറി ഉള്‍പ്പെടെയുള്ള മുറികള്‍ക്കും പണിയുണ്ടായിരുന്നു. 1 ലക്ഷം രൂപയുടെ പണി ബാക്കിയുണ്ടായിരുന്നു. ഇതിനുള്ള 60,000 രൂപ വിവിധ വ്യാപാരി സംഘടനകളും നഗരസഭ സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നു നല്കി. കൂലി ഇനത്തില്‍ 40000 രൂപ ലയണ്‍സ് ക്ലബ് നല്കി.
https://www.facebook.com/Malayalivartha