നെയ്യാര്‍ ഡാം സിംഹ സഫാരി പാര്‍ക്കില്‍ കൂട്ടില്‍ നിന്നും ഇറങ്ങിയ കടുവയെ കൂട്ടിലാക്കി
നെയ്യാര്‍ ഡാം സിംഹ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നും ശനിയാഴ്ച ഉച്ചയ്ക്കാണ് കടുവയെ കാണാതാകുന്നത്. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനുള്ള സാധ്യത മനസ്സിലാക്കി രാത്രിക്ക് മുന്‍പേ വെടിവച്ചായാലും കടുവയെ പിടിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അഗസ്ത്യവനം അസി.കണ്‍സര്‍വേറ്റര്‍ ഡി.ദേവപ്രസാദ്, വൈല്‍ഡ് ലൈഫ് വാര്ഡന് ജെ.ആര്.അനി,വിജിലന്‍സ് ഡിഎഫ്ഒ ജസ്റ്റിന് സ്റ്റാന്‍ലി എന്നിവരാണ് കടുവയെ കുടുക്കാനുള്ള വനപാലക സംഘത്തെ നയിച്ചത്.
വയനാട് നിന്നെത്തിയ പത്ത് അംഗ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പക്കല്‍ തോക്കും മുഖാവരണവും ഉണ്ടായിരുന്നെങ്കില്‍, വനപാലകര്‍ക്ക് കടുവയെ തിരയാന്‍ നല്കിയ ആയുധം മുന കൂര്‍പ്പിച്ച കുറുവടി. 11.15-ന് ആദ്യം കടുവയെ കണ്ടു. കുറുവടി സംഘത്തിനു മുന്നിലെത്തിയ കടുവ, മിനിറ്റുകള്‍ക്കകം കുറ്റിക്കാട്ടിലേക്കു മറഞ്ഞു.
വയനാട് നിന്നെത്തിയ സംഘത്തിലെ ചിലര്‍ പാര്‍ക്കിന്റെ ഇരുമ്പു വേലിക്കു മുകളിലിരുന്ന് കടുവയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒന്നര മണിക്കൂറിനു ശേഷം വിശാലമായ പാര്‍ക്കിലെ മുളങ്കാട്ടില്‍ കടുവയെ കണ്ടു.മുന്നോട്ട് വന്ന കടുവ പെട്ടെന്ന് തിരിഞ്ഞ് നടന്ന് മുളങ്കാട്ടിലേക്ക് മറഞ്ഞു. പുറത്തുചാടിക്കാന്‍ 303 റൈഫിളില്‍ നിന്ന് ആദ്യ വെടിമുവക്കി. വെടി ശബ്ദം കേട്ട് മുളങ്കാട്ടില്‍ നിന്ന് കടുവ പുറത്തേക്കിറങ്ങി. സമയം പാഴാക്കാതെ വേലിക്ക് മുകളില്‍ നിന്നുള്ള ആദ്യ മയക്കു വെടി ഉന്നം തെറ്റി; മുന്‍ ഭാഗത്തെ കയ്യിലെ മസില് ലക്ഷ്യമാക്കിയുള്ള മരുന്ന നിറച്ച സിറിഞ്ചു തുളച്ചു കയറിയത് കഴുത്തില്‍ ആയിരുന്നു. അഞ്ചു മിന്നിട്ടോളം അവിടെ നിന്ന കടുവ കുഴഞ്ഞ് വീണു. അപ്പോഴേക്കും പാര്‍ക്കിനുള്ളിലെ മറ്റ് തിരച്ചില്‍ സംഘം നിലത്തു വീണ കടുവയെ വളഞ്ഞു. വലയുമായി റാപ്പിഡ് റെസ്പോണ്‍സ് ടീം. മുനയുള്ള കുറുവടിയുമായി വനപാലകര്‍.
മുളങ്കാട്ടില്‍ നിന്നു വലയ്ക്കുള്ളിലാക്കിയത് കടുവ മയക്കത്തിലേക്കു വീണുവെന്ന് ഉറപ്പാക്കിയ ശേഷമാണ്. പാര്‍ക്കിലെ കൂട്ടിലേക്ക് കൊണ്ടും പോകും മുന്‍പേ പാര്‍ക്കിലെ ജീപ്പ് റോഡില്‍ വച്ച് ഡോക്ടര്‍ കടുവയെ പരിശോധിച്ചു. ഒന്നകോലോടെ കടുവ വീണ്ടും കൂട്ടിലായി. 1.20-ന് മയക്കം മാറാനുള്ള 'മറുമരുന്ന്' നിറച്ച സിറിഞ്ച് വീണ്ടും കടുവയില്‍ പ്രയോഗിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കടുവ ഉഷാറായി. ശനിയാഴ്ച ഉച്ച മുതല്‍ നാടിനെ പരിഭ്രാന്തിയിലാക്കി വനപാലകരെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ ഞായറാഴ്ച ഉച്ചയ്ക്ക് വീണ്ടും ഇരുമ്പഴിക്കുള്ളില്‍.
ആരോഗ്യം നിരീക്ഷിച്ച ശേഷം കടുവയെ ഇവിടെ നിന്നു എങ്ങോട്ടു മാറ്റണമെന്ന് തീരുമാനിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. നെടുമങ്ങാട് ആര്‍ഡിഒ എസ്.എല്‍.സജികുമാര്‍ ഇന്നലെ രാവിലെ ഡാമിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.കടുവയ്ക്ക് അസുഖമുണ്ടോയെന്ന സംശയം ജീവനക്കാര്‍ ഉന്നയിച്ചു. കടുവ ചാടിപ്പോയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് വനം വകുപ്പ് വിജിലന്‍സ് ഡിഎഫ്ഒ ജസ്റ്റിന് സ്റ്റാന്‍ലി അന്വേഷിക്കും. വിജിലന്‍സ് സംഘം ശനിയാഴ്ചയും ഇന്നലെയും പാര്‍ക്കിലെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. പാര്‍ക്കിലെ കൂടുകള്‍ കൂടുതല്‍ ബലപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ അസി.കണ്‍സര്‍വേറ്റര്‍ ഡി.ദേവ പ്രസാദ് വൈല്‍ഡ് ലൈഫ് വാര്ഡന് ജെ.ആര്.അനിക്ക് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha