താന്‍ പഠിച്ച പുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റിയ അന്ധ വിദ്യാര്‍ഥിക്ക് ജെആര്‍എഫ് നേട്ടവും സ്വന്തം!
തിരൂരങ്ങാടി കുണ്ടൂര്‍ പനയത്തില്‍ ജലാലുദ്ദീന്‍ (26) അറബിക്കില്‍ ജെആര്‍എഫ് നേടി. അന്ധ വിദ്യാര്‍ഥിയായ ജലാലുദ്ദീന്‍ അറബിക്കില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം മേല്‍മുറി മഅദില് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സില്‍ മത ബിരുദ വിദ്യാര്‍ഥിയാണിപ്പോള്‍.
പഠനവഴിയില്‍ ആര്‍ക്കും ഇരുള് തടസ്സമാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ താന്‍ പഠിച്ച പുസ്തകങ്ങള്‍ എല്ലാം ജലാലുദ്ദീന്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റി. മത പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പല പുസ്തകങ്ങളും ബ്രെയില്‍ ലിപിയില്‍ ഇല്ലാത്തതു കൊണ്ടാണ് ജലാലുദ്ദീന്‍ അത്തരമൊരു സംരംഭവുമായി മുന്നോട്ടു വന്നത്. സഹപാഠികള്‍ വായിച്ചു കൊടുക്കുകയും അത് ബ്രെയില്‍ ലിപിയിലേക്ക് കൈകൊണ്ട് മാറ്റി തയാറാക്കുകയുമാണ് ചെയ്തത്.
കാഴ്ചയില്ലാത്തവര്‍ക്കും പഠനം സാധ്യമാക്കുന്നതിനായി, ഇത്തരത്തില്‍ മാറ്റിയ ഫത്ഹുല്‍ മുഈന്‍ അടക്കം 10 പുസ്തകങ്ങള്‍ മഅദിന്‍ ലൈബ്രറിയിലും കൈവശവുമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. അടുത്തിടെ പ്രത്യേക യന്ത്ര സഹായവും ലഭിച്ചതോടെ കൂടുതല്‍ പുസ്തകങ്ങള്‍ ആ ലിപിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലുമാണ്. പിതാവ് മുഹമ്മദ് കുട്ടിയും മാതാവ് സുലൈഖയും 3 സഹോരങ്ങളുമടങ്ങുന്നതാണ് കുടുംബം.
https://www.facebook.com/Malayalivartha