സങ്കടക്കാഴ്ചയായി... അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു. മുളവുകാട്-പൊന്നാരിമംഗലം പടന്നയിൽ വീട്ടിൽ ധനീഷിന്റെ മകൾ മേധാ ധനീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ കണ്ടെയ്നർ റോഡിലെ മൂലമ്പിള്ളി ഭാഗത്തായിരുന്നു അപകടം സംഭവിച്ചത്.
അയൽവാസിയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു മേധയും അമ്മയും. അമ്മയുടെ കൈകളിലായിരുന്നു മേധ. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ഇലക്ട്രിക് ബൈക്ക് ഇവരുടെ ദേഹത്തേക്ക് ഇടിച്ച് കയറി. പരിക്കേറ്റ മേധയെയും മിഥുനയെയും അയൽവാസിയായ രേഖയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മേധ മരിച്ചു. മിഥുനയും രേഖയും ചികിത്സയിൽ കഴിയുകയാണ്.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വരാപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മേധയുടെ സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് 1.30ന് മുരുക്കുംപാടം ശ്മശാനത്തിൽ നടത്തി.
"
https://www.facebook.com/Malayalivartha

























