കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നു

ലോക്ഡൗണ്‍ തുടരുമ്പോഴും കേരളത്തിലെ കൊവിഡ് കണക്കുകള്‍ അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇതിനിടെ മരണനിരക്ക് വര്‍ധിക്കുന്നതും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതും സംസ്ഥാനത്തിന്റെ സാഹചര്യം കൂടുതല്‍ ദയനീയ അവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കുകയാണ്. ഇതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്. മേയ് 20 ന് ആണ് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.
പന്തലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പണികള്‍ അവിടെ നടക്കുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുക എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും എല്‍.ഡി.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്രയും ആളുകളെ കൂട്ടി സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചോദിച്ച് തുടങ്ങി. അഞ്ചു സംസ്ഥാനങ്ങളിലാണ് മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നത്. കേരളം ഒഴികെ മറ്റെല്ലാം സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പരമാവധി ഒഴിവാക്കിയാണ് ഇവിടങ്ങളില്‍ സത്യപ്രതിജ്ഞ നടന്നത്.
തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞ. പുതുച്ചേരിയില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കൊവിഡ് ബാധിതനായി ചികിത്സയില്‍ പോയി. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോഴാണ് പിണറായി സര്‍ക്കാര്‍ തങ്ങളുടെ രണ്ടാം വരവ് ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് സാഹചര്യം രൂക്ഷമാകുമ്പോഴും സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നതില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ബാധതമല്ലെന്ന ആരോപണവും ശക്തമാകുകയാണ്. ലോക്ഡൗണ്‍ കാലത്ത് സാധാരണക്കാരുടെ മരണത്തിലും വിവാഹത്തിലും ആളുകള്‍ക്ക് പങ്കെടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തന്നെ രാഷ്ട്രീയക്കാര്‍ മരിക്കുമ്പോള്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗൗരിയമ്മയുടെയും ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളെ ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശം. കേരളത്തില്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമായ കൊവിഡ് സാഹചര്യത്തിന് പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും ഒരു കാരണമായി എന്ന വിലയിരുത്തുന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഞയറാഴ്ച അവസാനിക്കും. കൊവിഡ് രോഗം നിയന്ത്രണം സാധ്യമാകാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ട്. ഇതില്‍ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഉണ്ടായേക്കാം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ അണികള്‍ക്ക് അവസരം നല്‍കാന്‍ നാലു ദിവസത്തെ ഇടവേള നല്‍കി 20 ന് നടക്കുന്ന സത്യപ്രതിജ്ഞക്ക് ശേഷം ലോക്ഡൗണ്‍ പുനര്‍സ്ഥാപിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതായിയാണ് സൂചന.
20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാല്‍ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടക്കുകയാണ്. പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha