ശോ ഇനിയില്ലല്ലോ ആ കളി... ഒരു യുഗം അന്ത്യം കുറിച്ച് കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും; ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു

ഇന്ത്യയ്ക്ക് ഇന്നലെ സന്തോഷത്തിന്റെ രാത്രിയായിരുന്നു. അതോടൊപ്പം ദു:ഖത്തിന്റേയും. വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം.
ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.
36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.
159 മത്സരങ്ങളില്‍ (151 ഇന്നിംഗ്സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരശേഷം വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.
ടി20 ലോകകപ്പ് ഫൈനലിന് മുമ്പുള്ള മത്സരങ്ങളിലെല്ലാം മോശം ഫോമിലായിരുന്നു ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. എന്നാല്‍ കൃത്യസമയത്ത് കോലി ഫോമിലേക്ക് തിരിച്ചെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത് 59 പന്തില്‍ 6 റണ്‍സ്. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് കോലി തനിരൂപം കാണിച്ചത്. ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ടൂര്‍ണമന്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.
കോലി നിരന്തരം നിരാശപ്പെടുത്തിയപ്പോഴും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന് പിന്തുണയുമായെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ കോലി നേരത്തെ പുറത്തായപ്പോഴാണ് രോഹിത്തും ദ്രാവിഡും പിന്തുണയുമായെത്തിയത്. യഥാര്‍ത്ഥത്തില്‍ ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളില്‍ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ടായിരുന്നു. കരിയറില്‍ ഇതുവരെ കളിച്ച നാല് ടി20 സെമി ഫൈനലുകളില്‍ മൂന്നിലും അര്‍ധസെഞ്ചുറിയിരുന്നു താരം.
മത്സരത്തിന് പിന്നലെ കോലിയുടെ ഫോമില്‍ ആശങ്കയില്ലെന്ന് രോഹിത് തുറന്നുപറഞ്ഞു. ഏറ്റവും മികച്ച പ്രകടനം കോലി ഫൈനലിനായി കരുതിവെച്ചിരിക്കുകയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. വലിയ മത്സരങ്ങളില്‍ കോലിയുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ടീമിന് വ്യക്തമായി അറിയാമെന്നും 15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന ഒരു കളിക്കാരന്റെ ഫോമിന് അത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും രോഹിത് പറഞ്ഞു.
https://www.facebook.com/Malayalivartha