യാത്രചെയ്യാം, ചരക്കുകയറ്റാം, പിന്നെ വൈദ്യുതിയുമുണ്ടാക്കാം; ഐഷര്‍ പൊളാരിസിന്റെ 'മള്‍ട്ടിക്സ്' വിപണിയിലെത്തി
പേഴ്സണല്‍ യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ വാഹനവുമായി ഐഷര്‍ പൊളാരിസിന്റെ 'മള്‍ട്ടിക്സ്' വിപണിയിലെത്തി. ഫാമിലി, ബിസിനസ്, പവര്‍ ജനറേഷന് എന്നീ സങ്കല്പങ്ങള്ക്കിണങ്ങുന്ന രീതിയിലാണ് മള്‍ട്ടിക്സിന്റെ രൂപകല്പനയും എന്‍ജിന്റെ നിര്‍മിതിയും.
ഡബിള്‍ ക്യാബിന് പിക്കപ്പുകളെ പോലെ അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന മള്‍ട്ടിക്സില്‍ ലഗേജുകള്‍ക്കും ഇടമുണ്ട്. 1918 ലിറ്ററാണ് സ്റ്റോറേജ് സൗകര്യം. ലിറ്റിന് 28.54 കിലോമീറ്റര്‍ മൈലേജുള്ള ഡീസല്‍ എന്‍ജിനാണുള്ളത്.
പൊളാരിസിന്റെ ഇന്ത്യയിലെ ആദ്യ വ്യക്തിഗത യൂട്ടിലിറ്റി വാഹനം കൂടിയാണ് മള്‍ട്ടിക്സ്. ബസ്സുകള്‍, ട്രക്കുകള്‍, എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ എന്നിവയുടെ നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സും അമേരിക്കയിലെ ഓള് ടെറൈന്‍ വാഹന നിര്‍മാതാക്കളായ പൊളാരിസും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഐഷര്‍ പൊളാരിസ്.
ഹമ്പുകളും ഗട്ടറുകളുമൊക്കെ സുഗമമായി തരണം ചെയ്യാന്‍ മള്‍ട്ടിക്സിന് സാധിക്കും. 225 എം.എം. ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മൂന്ന് കിലോവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നതാണ് പ്രത്യേകത. ഇതിലൂടെ വീടുകളിലെ വിളക്കു തെളിക്കാനും ഡ്രില്ലിങ് മെഷീന്, ഡി.ജെ. സിസ്റ്റം, വാട്ടര്‍ പമ്പ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും ഇതുകൊണ്ട് സാധിക്കും.
കേരളത്തില്‍ എറണാകുളം, കാസര്‍കോഡ്, കണ്ണൂര്‍, മഞ്ചേരി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മള്‍ട്ടിക്സ് ലഭ്യമാണ്. 3.49 ലക്ഷമാണ് എക്സ് ഷോറൂം വില. രണ്ട് വേരിയന്റുകളിലും ചുവപ്പ്, മഞ്ഞ, വെള്ള, സില്‍വര്‍ എന്നിങ്ങനെ നാലു നിറങ്ങളിലും ലഭ്യമാണ്.
https://www.facebook.com/Malayalivartha