നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...

തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്ക് ഉള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മെയ് 18 ശനിയാഴ്ച മുതൽ മെയ് 20 തിങ്കളാഴ്ച വരെ നീലഗിരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നീലഗിരി ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് റദ്ദാക്കി. കനത്ത മഴയിൽ കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടർന്ന് മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽ നിന്നും മണ്ണ് പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിനാണ് മരിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ശക്തിയായി ഒഴുകിയെത്തുന്നതായിരുന്നു. കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായത് ഇന്നലെ ഉച്ചയ്ക്കാണ്.
പെട്ടെന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിക്കുക ആയിരുന്നു . വനമേഖലയിലും മലകളിലും പെയ്ത ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്‌ക്കെയായിരുന്നു അപകടം ഉണ്ടായത്. ഇവർ ഉടൻ തന്നെ ഓടി രക്ഷപ്പെടുക ആയിരുന്നു.
വെളളം കുത്തിയൊലിച്ച് വന്നതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. അപകട സാധ്യത മുൻനിർത്തി വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
അതിനിടെ കേരളത്തിലും അതി ശക്തമായ മഴ മുന്നറിയിപ്പാണ് ഉള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മെയ് 19,20 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കണം. ഇടിമിന്നൽ അപകടകാരികളാണ്.
അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ഇടിമിന്നലേറ്റ് തൃശൂരിൽ കോളേജ് വിദ്യാർഥിനിക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു.
ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരയ്ക്കാണ് ഇടിമിന്നലിൽ പരിക്കുപറ്റിയത് . ഇടിമിന്നലിന്‍റെ ആഘാതത്തിൽ അനശ്വരരുടെ കാലിനാണ് പൊള്ളലേറ്റത്. ഇടിമിന്നലിന്‍റെ ആഘാതത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു പോയി. ചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തലനാരിക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തീ ഗോളം വരുന്നത് കണ്ട് അനശ്വരയുടെ മാതാവ് സുബിതയും മുത്തശ്ശി ജാനകിയും പെട്ടെന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























