കോടമഞ്ഞിന്റെ മാസ്മരിക സൗന്ദര്യവും പേറി കൂർഗ് മലനിരകൾ

വേനൽക്കാലം എന്നത് അവധിക്കാലം കൂടിയാണല്ലോ. അതുകൊണ്ടു തന്നെ ടെന്ഷനുകളെല്ലാം ഇറക്കിവെച്ചു കുടുംബവുമൊത്തൊരു യാത്രക് പറ്റിയ അവസരം കൂടിയാണിത്. വേനൽക്കാലം ചെലവിടാൻ നിരവധി സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ. കേരളം, തമിഴ്നാട്, കർണാടക, തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തുടങ്ങി മഹാരാഷ്ട്രയിലും നോർത്ത് ഈസ്റ്റിലും ഹിമാലയൻ സംസ്ഥനങ്ങളിലുമൊക്കെ വേനൽക്കാലത്ത് പോകാൻ നിരവധി സ്ഥലങ്ങളുണ്ട്. ഈ വേനൽക്കാലം ചിലവിടാൻ നമുക് കർണ്ണാടകയിലെ കൂർഗിലേക് പോകാം. ഈ പൊള്ളുന്ന ചൂടിലും മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കൂര്‍ഗ്.
കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നും കർണാടകത്തിന്റെ കാശ്മീർ എന്നുമൊക്കെ അറിയപ്പെടുന്ന കൂർഗ് കർണാടകയിലെ പേരുകേട്ട ഹിൽസ്റ്റഷനാണ്. കേരളത്തിലേയും കർണാടകയിലേയും ആളുകൾ വേനൽക്കാലത്ത് എത്തിച്ചേരാറുള്ള സ്ഥലമാണ് ഇത്. ഇടക്കിടെ പെയ്യുന്ന നനുത്ത മഴയും കോടമഞ്ഞിന്റെ മാസ്മരിക സൗന്ദര്യവും ആരെയും ആകർഷിക്കുന്നു. ആരെയും പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന വശ്യ ഭാവമാണ് എല്ലായ്‌പോഴും കൂർഗിന്. മഞ്ഞുകാലത്താണ് കൂര്‍ഗ് അതിസുന്ദരിയാകുന്നത്, മഴക്കാലത്താകട്ടെ തീര്‍ത്തും വ്യത്യസ്തയുള്ള മറ്റൊരു വശ്യരൂപം, വേനലിലാണെങ്കില്‍ ആരെയും ചൂടേല്‍ക്കാതെ നനുത്ത തണുപ്പില്‍ പൊതിഞ്ഞുകൊണ്ട് നടക്കും പശ്ചിമഘട്ടത്തിലെ ഈ പച്ചനിറമുള്ള സുന്ദരി.
പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് ആണ് കൂര്‍ഗിന്റെ സ്ഥാനം. കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
കുടക് എന്ന സ്ഥലനാമത്തിനു പിന്നിൽ പല വാദഗതികളുണ്ട്. ആദിവാസി വിഭാഗമായ കൊടവരുടെ ദേശം എന്നർത്ഥം വരുന്ന കോദ്രദശയിൽ നിന്നാണ് ഈ പേര് വന്നതെന്നു അഭിപ്രായമുണ്ട്. കൊടുക്കുക എന്നര്‍ത്ഥം വരുന്ന കൊട, അമ്മ എന്നര്‍ത്ഥം വരുന്ന അവ്വ എന്നീ വാക്കുകള്‍ ചേര്‍ന്നുള്ള കൊടവ്വ എന്ന പേരില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു. കൊടവ്വ എന്ന പേര് അമ്മദൈവമായ കാവേരിയെ സൂചിപ്പിക്കുന്നതാണെന്നാണ് പറയുന്നത്. എന്തായാലും ബ്രിട്ടീഷുകാർ കുടകിനെ കൂർഗ് എന്ന് വിളിച്ചു ഇപ്പോൾ എല്ലാവരും അത് തുടർന്നുപോകുന്നു.
താമസത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ഒന്നും കൂര്‍ഗ് യാത്രക്കിടെ ആശങ്കപ്പെടേണ്ടതില്ല. ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി എന്നിവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍. ഇതുകൂടാതെ ചെലവാര വെള്ളച്ചാട്ടം, ഹാരംഗി അണക്കെട്ട്, കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നുവേണ്ട പറഞ്ഞുതീർക്കാണ് പറ്റാത്തത്ര കാര്യങ്ങള്‍ കാണാനുണ്ട് കൂര്‍ഗിലെത്തിയാല്‍.
സാഹസികയാത്രികളുടെ പ്രിയകേന്ദ്രങ്ങളിലൊന്നാണിത്, കാരണം ട്രക്കിങ് അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ ഇവിടെ ആസ്വദിക്കാം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകളാണ് ഇവിടത്തെ പ്രധാന ട്രക്കിങ് കേന്ദ്രം. നദികളിലും തടാകങ്ങളിലും മീന്‍പിടുത്തത്തിനും സാഹസികമായ റിവര്‍ റാഫ്റ്റിങ്ങിനും അവസരം ലഭിക്കുമിവിടെ. കാപ്പിപൂക്കുന്ന കാലമാകുമ്പോള്‍ കുടകിലെ കാറ്റിന് കാപ്പിപ്പൂവിന്റെ മണമാണ്. വെള്ളപ്പുക്കളാല്‍ നിറഞ്ഞ്, സുഗന്ധം പരത്തി നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ കൂര്‍ഗിലെ മനോഹരമായ കാഴ്ചയാണ്.
നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് കൂര്‍ഗ് യാത്രയ്ക്ക് ഏറ്റവും പറ്റിയത്. റോഡാണ് പ്രധാന യാത്രാമാര്‍ഗം. ഇവിടേയ്ക്ക് തീവണ്ടി സര്‍വ്വീസ് ഇല്ല. മൈസൂര്‍ വിമാനത്താവളമാണ് അടുത്തുകിടക്കുന്നത് ഇവിടെനിന്നും കൂര്‍ഗിലേയ്ക്ക് 118 കിലോമീറ്ററുണ്ട്. തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരത്താണ്. കേരളത്തിലെ വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും കര്‍ണാടകത്തിലെ മൈസൂര്‍, മംഗലാപുരം, ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ കൂര്‍ഗില്‍ എത്തിച്ചേരാം. കൂർഗ് നിങ്ങൾക്കായി മറക്കാൻ കഴിയാത്ത കുറെ നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല.
https://www.facebook.com/Malayalivartha