കോവിഡ് രോഗികളില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ക്ക് ആയുസ്സ് 50 ദിവസം മാത്രം; വാക്‌സീന്‍ പ്രയോഗത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്നതാണ് പഠനം

മുംബൈയിലെ ജെജെ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ നടന്ന പഠനത്തില്‍ കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ രണ്ട് മാസത്തിലധികം നീണ്ടു നിന്നേക്കില്ലെന്ന് കണ്ടെത്തി. കോവിഡ് ആന്റിബോഡികള്‍ക്ക് ആയുസ്സ് 50 ദിവസം മാത്രമാണത്രേ. കോവിഡ് ബാധിതരായ ജെജെ, ജിടി, സെന്റ് ജോര്‍ജ് ആശുപത്രികളിലെ 801 ആരോഗ്യ ജീവനക്കാരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.
ഏപ്രില്‍ അവസാനവും മെയ് ആദ്യ വാരവുമായി ഇവരില്‍ 28 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ ജൂണില്‍ നടത്തിയ സീറോ സര്‍വേയില്‍ ഈ 28 പേരില്‍ ആരിലും ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ വളരെ വേഗം ശരീരത്തില്‍ കുറയുന്നതായിട്ടാണ് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന പ്രതിരോധത്തിന് നിരവധി ഡോസ് വാക്‌സീനുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഡോ. നിഷാന്ത് കുമാര്‍ പറയുന്നു. എന്നാല്‍ ഈ ഗവേഷണ ഫലങ്ങളുമായി എല്ലാ ആരോഗ്യ വിദഗ്ധരും യോജിക്കുന്നില്ല.
രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിലെ ആന്റിബോഡി സാന്നിധ്യം തീവ്ര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരുന്നതായി നിരവധി പഠനങ്ങള്‍ പറയുന്നു. ഇനി ആന്റിബോഡികളുടെ സാന്നിധ്യം കുറയുന്നത് ആശങ്കപ്പെടുത്തുന്നില്ലെന്നും ടി സെല്ലുകള്‍ കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha