തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു.... സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്
തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള ഫിയോകിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 2018 സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ടാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാല്‍ ഇത് ബിസിനസിന്റെ ഭാഗമാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലിവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. സിനിമ റിലീസിന് മുന്‍പുതന്നെ നമ്മുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. നമ്മുടെ സിനിമയെ സ്‌നേഹിച്ചതിന് എല്ലാവര്‍ക്കും നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്ഷകരുമാണ് യഥാര്‍ത്ഥ ഹീറോകള്‍.
നാളെയാണ് 2018 'സോണിലിവില്‍' എത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുമെന്നാണ് ഫിയോക് അറിയിച്ചത്. ഫിയോക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കരാര്‍ ലംഘിച്ചുകൊണ്ടാണ് 2018 ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നുവെന്നതാണ് പ്രതിഷേധത്തിന്റെ കാരണം.
സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ട് മാത്രമേ ഒ ടി ടിയില്‍ റിലീസ് ചെയ്യാവൂ എന്നതാണ് സിനിമാ നിര്‍മാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ധാരണ. എന്നാല്‍ പുറത്തിറങ്ങി 33ാം ദിവസമാണ് 2018 ഒ ടി ടി പ്‌ളാറ്റ്‌ഫോമിലെത്തുന്നത്. നാളെയും മറ്റെന്നാളും സിനിമ കാണാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha