ഭര്‍ത്താവ് അഭിനയത്തിലേക്കോ? ശ്രുതിലക്ഷ്മി പറയുന്നു

തൃശൂര്‍ക്കാരന്‍ ഡോക്ടര്‍ ചുള്ളനുമൊത്ത്, മലേഷ്യയില്‍ അടിച്ചുപൊളിച്ച്, അവിടത്തെ ലങ്കാവിയില്‍ സ്‌ക്കൈ ബൈക്കിങ്ങും നടത്തി പുത്തനുണര്‍വോടെ തിരിച്ചെത്തിയിരിക്കുകയാണു നടി ശ്രുതിലക്ഷ്മി. മലേഷ്യയില്‍ വേഷംമാറി നടന്നിട്ടും 'പോക്കുവെയിലി'ലെ ഇഷയെ മലയാളികള്‍ കയ്യോടെ പിടികൂടി. ഇഷ അരവിന്ദ് എന്ന കഥാപാത്രം അതിഗംഭീരമായെന്ന് അവരെല്ലാം ഒരേ സ്വരത്തിലാണു പറഞ്ഞത്.
മലയാളി ചേച്ചിമാരും അമ്മമാരും സീരിയലിനെക്കുറിച്ചാണു പറഞ്ഞുകൊണ്ടിരുന്നത്. കെ.കെ. രാജീവ് സാറിന്റെ സീരിയലായ 'പോക്കുവെയില്‍' അവരെ അത്രകണ്ട് സ്വാധീനിച്ചിരുന്നു. എവിടെ ചെന്നാലും അതേക്കുറിച്ചായിരുന്നു സംസാരം. എല്ലാവരുമൊത്ത് സെല്‍ഫിയെടുത്താണു ഞങ്ങള്‍ മടങ്ങിയത്. മലേഷ്യയില്‍ എംബിഎ പഠനം നടത്തുന്ന ധാരാളം മലയാളി കുട്ടികളുണ്ട്. അവരുടെ സ്‌നേഹം അനുഭവിക്കാനും ഭാഗ്യമുണ്ടായി.
തൃശൂര്‍ മദര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ എവിന്‍ ആന്റോയും ശ്രുതിലക്ഷ്മിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയാന്‍ പോകുന്നതേയുള്ളൂ. ആലൂക്ക കുടുംബാംഗമായ എവിന്‍ തികഞ്ഞ കലാസ്വാദകനാണ്. കാണാനും സുന്ദരന്‍. ശ്രുതിയുടെ കൂട്ടുകാരെല്ലാം പറയുന്നത് എവിനു ഒരു സിനിമാനടനാകാനുള്ള എല്ലാ ഗ്ലാമറുമുണ്ടെന്നാണ്. അതിനു ശ്രുതിയുടെ മറുപടി - '' അതൊക്കെ ഭാഗ്യംപോലെ...'' 
ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി വന്ന് വളരെ പെട്ടെന്ന് സിനിമാരംഗം കയ്യടക്കിയ കലാകാരിയാണ് ശ്രുതിലക്ഷ്മി. ഒന്‍പതാം വയസ്സില്‍ 'നിഴലുകള്‍' എന്ന ഹൊറര്‍ സീരിയലില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നക്ഷത്രങ്ങള്‍, ചിത്രലേഖ, ഡിറ്റക്ടിവ് ആനന്ദ് തുടങ്ങിയ സീരിയലുകള്‍ ചെയ്തു.
ശ്രുതിയുടെ ആദ്യ സിനിമ 'റോമിയോ' ആണ്. പ്ലസ് ടുവില്‍ പഠിക്കുമ്പോഴായിരുന്നു ആ ഭാഗ്യോദയം. ദിലീപായിരുന്നു നായകന്‍. അതിനുശേഷം 'കോളജ്കുമാരനി'ല്‍ മോഹന്‍ലാലിന്റെ സഹോദരിയെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ 'ലൗ ഇന്‍ സിംഗപ്പൂര്‍, ആസിഫ് അലിയുടെ 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി, സ്വന്തം ഭാര്യ സിന്താബാദ്, ഹോട്ടല്‍ കാലിഫോര്‍ണിയോ തുടങ്ങിയവയാണു ശ്രുതിലക്ഷ്മിയുടെ മറ്റു സിനിമകള്‍. ഏറ്റവും ഒടുവില്‍ ചെയ്ത സിനിമ 'പത്തേമാരി'യാണ്. ഇതില്‍ മമ്മൂട്ടിയുടെ സഹോദരിപുത്രിയുടെ വേഷമായിരുന്നു. കലയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു മികച്ച അഭിനേത്രിയുടെ മകളാണു ശ്രുതിലക്ഷ്മി.

ഒരുകാലത്ത് സീരിയലിലും സിനിമയിലും നിറസാന്നിധ്യമായിരുന്ന ലിസി ജോസിന്റെ രണ്ടാമത്തെ മകള്‍. നാടകത്തിലും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നടിയാണ് ലിസി ജോസ്. കണ്ണൂര്‍ ഗാന്ധാരയുടെ 'ജനഹിതം' എന്ന നാടകത്തിലൂടെ പ്രൊഫഷണല്‍ നടിയായി. യവനിക ഗോപാലകൃഷ്ണന്റെ 'അഭയം' ഉള്‍പ്പെടെ തുടര്‍ച്ചയായി നാലു നാടകങ്ങള്‍ ചെയ്തു. മാട്ടുപ്പെട്ടി മച്ചാന്‍, തച്ചിലേടത്ത് ചുണ്ടന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയവയാണു ലിസിയുടെ സിനിമകള്‍. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ആകാശവാണിയിലെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ലിസിയുടെ മൂത്ത മകള്‍ ശ്രീലയയും പ്രശസ്ത നടിയാണ്. മഴവില്‍ മനോരമയുടെ ' ഭാഗ്യദേവത'യാണ് ശ്രീലയയുടെ ആദ്യ സീരിയല്‍. ഇതിലെ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ അനശ്വരമാക്കി ലയ. കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും അഭിനയമികവ് കാഴ്ചവച്ചു ഈ കലാകാരി. പിതാവ് ജോസാണെങ്കില്‍ കലയെ സ്‌നേഹിക്കുന്ന വ്യക്തി. ഭാര്യയ്ക്കും മക്കള്‍ക്കും എന്നും പ്രോല്‍സാഹനം നല്‍കുന്നു.
സിനിമയില്‍ വളരെ മുന്‍പേ പ്രശസ്തിയിലേക്കുയര്‍ന്ന നടിയാണു ശ്രുതിലക്ഷ്മി. എന്നാല്‍ 'പോക്കുവെയിലി'ലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അഭിപ്രായം പറഞ്ഞതും അഭിനന്ദിച്ചതും ഇതിലെ നായിക കഥാപാത്രമായ ഇഷയെക്കുറിച്ചാണെന്ന് ശ്രുതി പറയുന്നു. അതുകൊണ്ട് ശ്രുതിയ്ക്ക് ഇഷയോടാണു ഇഷ്ടക്കൂടുതല്‍.

കല്യാണവും ഹണിമൂണ്‍ ട്രിപ്പുമെല്ലാം കഴിഞ്ഞു. ഇനിയെന്താ പരിപാടി എന്നു ചോദിച്ചപ്പോള്‍ ശ്രുതി പറഞ്ഞു: '' കല്യാണത്തിനു മുന്‍പും ശേഷവും ധാരാളം ഓഫറുകളുണ്ട്. പക്ഷേ നല്ലതു മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ. അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രം വേണം - പോക്കുവെയിലിലെ ഇഷയെപോലെ....
https://www.facebook.com/Malayalivartha

























