ഡ്രൈവറെയും വഴിയെ പോകുന്നവനേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങള്‍; താരാധിപത്യത്തിനെതിരെ ജയരാജ്

സൂപ്പര്‍ താരങ്ങളെ ലക്ഷ്യം വെച്ച് ജയരാജ്. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ ജയരാജ്. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ സൂപ്പര്‍താരങ്ങളുടെ ആധിപത്യം സൃഷ്ടിച്ചതാണെന്നും ഈ ആധിപത്യത്തില്‍ സംവിധായകന്‍ ഭരതന് പോലും കാലിടറിയിട്ടുണ്ടെന്നും ജയരാജ് പറഞ്ഞു. തൃശ്ശൂരില്‍ നടന്ന ഭരതന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ പല മികച്ച നിര്‍മ്മാണ കമ്പനികളെയും ഇല്ലാതാക്കിയത് താരങ്ങളാണ്. ഡ്രൈവറെയും വഴിയെ പോകുന്നവനേയും നിര്‍മ്മാതാക്കളാക്കിയത് സൂപ്പര്‍ താരങ്ങളാണ്. ഇവര്‍ മാത്രം സിനിമ നിര്‍മ്മിച്ചാല്‍ മതിയെന്ന് താരങ്ങള്‍ തീരുമാനിച്ചു. ഇതോടെ കലാബോധമുള്ള നിര്‍മാതാക്കളും കമ്പനികളും ഇല്ലാതായി. ഇതേ നിലപാട് തന്നെയാണ് യുവതാരങ്ങളും സ്വീകരിക്കുന്നത്. എന്നാല്‍ മറ്റു ഭാഷകളില്‍ യാഷ് രാജ് പോലുള്ള നിര്‍മ്മാണ കമ്പനികള്‍ ഇപ്പോഴുമുണ്ടെന്നും ജയരാജ് പറഞ്ഞു. താരങ്ങള്‍ മറ്റാര്‍ക്കും ഡേറ്റ് നല്‍കാത്തതോടെ മികച്ച കഥയുമായി സംവിധായകരെ കാണാനെത്തിയിരുന്ന നിര്‍മാതാക്കള്‍ അപ്രത്യക്ഷമായി. മാറ്റിനിര്‍ത്തപ്പെടുകയോ സ്വയം മാറിനില്‍ക്കുകയോ ചെയ്യുന്ന സിനിമാ നിര്‍മാതാക്കള്‍ തിരിച്ചുവരണം. എന്നാല്‍ മാത്രമേ മലയാള സിനിമ അപചയത്തില്‍നിന്നു കരകയറൂ ജയരാജ് പറഞ്ഞു.
വി.ബി.കെ.മേനോനും ജോയ് തോമസിനെയും പോലുള്ള നിര്‍മ്മാതാക്കള്‍ തിരിച്ചു വരേണ്ടതുണ്ട്. വിബികെ മേനോന്റെ സ്വപ്‌ന ചിത്രമായ കുഞ്ചന്‍ നമ്പ്യാരെ കുറിച്ച് തങ്ങള്‍ സംസാരിച്ചുവെന്നും ജയരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha






















