അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്തിനെതിരെ നടൻ അജു വർഗീസിനെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നടിയുമായി ഒത്തു തീര്‍പ്പായി എന്നതു കൊണ്ട് മാത്രം നടനെതിരെയുള്ള കേസ് പിൻവലിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പൊലീസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ദുരുദ്ദേശപരമായല്ല പേര് പരാമർശിച്ചതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്‌മൂലവും അജു വർഗീസ് ഹരജിയോടൊപ്പം സമർപ്പിച്ചിരുന്നു.
ആക്രമണത്തിനിരയായ നടിയുമായി സൗഹൃദത്തിലാണെന്നും സുഹൃത്ത് എന്ന രീതിയിലാണ് പേര് പരാമർശിച്ചതെന്നും അജു പറയുന്നു. ഈ ഹരജി പരിഗണിക്കവെയാണ് നടിയുമായി ഒത്തുതീര്‍പ്പായെന്ന് കരുതി എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha