കായങ്കുളം കൊച്ചുണ്ണിയായി നിവിൻ

അരയിൽ വീതിയുള്ള തുകൽ ബെൽറ്റ്, അതിൽ താഴ്ത്തി വച്ചിരിക്കുന്ന കത്തി, കരുത്തു കാണുന്ന കൈബനിയൻ, നേർത്തതെങ്കിലും പൗരുഷം തുളുമ്പുന്ന മീശ... ബാഹുബലിയുടെ അണിയറ ശിൽപികളായ ഫെയർഫ്ലൈ ടീം കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയെ സ്കെച്ച് ചെയ്യുമ്പോൾ റോഷൻ ആൻഡ്രൂസ് കഥാനായകന്റെ സൂക്ഷ്മാംശങ്ങളുമായി ഒപ്പം നിൽക്കുന്നു.
ഇന്ത്യൻ റോബിൻഹുഡ് കായംകുളം കൊച്ചുണ്ണിയുടെ കഥ വീണ്ടും മലയാളത്തിന്റെ സ്ക്രീനിൽ. ബോബി – സഞ്ജയ് ടീമിന്റെ തിരക്കഥയിൽ വീണ്ടുമൊരു റോഷൻ ആൻഡ്രൂസ് ചിത്രം. അടുത്ത മാസം ഉഡുപ്പിയിലും മംഗളൂരുവിലുമായി ചിത്രീകരണം തുടങ്ങുമ്പോൾ അണിയറയിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ ടെക്നീഷ്യൻമാർ.
‘‘അത്രയധികം ജനപിന്തുണയും സ്വീകാര്യതയും ലഭിച്ച വ്യക്തിയാണു കായംകുളം കൊച്ചുണ്ണി. ഉള്ളവന്റെ മുതൽ ഇല്ലാത്തവനു നൽകിയ കൊച്ചുണ്ണിയല്ലേ യഥാർഥത്തിൽ കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്? ഞങ്ങളുടെ കൊച്ചുണ്ണിയിൽ ഒരു കാലഘട്ടത്തിലെ കേരളമുണ്ട്. ജാനകി എന്ന സ്ത്രീയുമായുള്ള കൊച്ചുണ്ണിയുടെ അടുപ്പം, ഭാര്യ സുഹറയുമൊത്തുള്ള ജീവിതം, കൊച്ചുണ്ണിയുടെ കളരി അഭ്യാസങ്ങൾ... അങ്ങനെ ആ ജീവിതത്തിലെ പല അടരുകൾ.’’ – റോഷൻ പറയുന്നു .
മലയാളിയുടെ നാടോടിക്കഥകളിലും സാഹിത്യത്തിലും സിനിമയിലുംവരെ ഇടം നേടിയ വീരനായകൻ കൊച്ചുണ്ണിയാകാൻ റോഷനും സഞ്ജയും ആദ്യം സമീപിച്ചതു നിവിൻ പോളിയെത്തന്നെ. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം ചിത്രീകരിക്കാൻ സംഘം കേരളം മുഴുവൻ പരതിയെങ്കിലും യോജിച്ച സ്ഥലം ലഭിച്ചതു സൗത്ത് കാനറ ഭാഗത്താണ്; ചില ഭാഗങ്ങൾ ശ്രീലങ്കയിലെ കാൻഡിയിലും. ജാനകിയായി അമല പോളും സുഹറയായി പുതുമുഖ താരം പ്രിയങ്കയും അഭിനയിക്കുന്നു. രംഗ് ദെ ബസന്തി, ദേവദാസ്, ഭാഗ് മിൽഖ ഭാഗ് തുടങ്ങി ബോളിവുഡിലെ വമ്പൻ സിനിമകൾ ചെയ്ത ബിനോദ് പ്രധാനാണ് ക്യാമറാമാൻ. സംഗീതം ഗോപിസുന്ദർ. ഗോകുലം പ്രൊഡക്‌ഷൻസാണു ചിത്രം നിർമിക്കുന്നത്.
https://www.facebook.com/Malayalivartha






















