മലയാള സിനിമയില്‍ 2017ല്‍ ഇതുവരെ സംഭവിച്ചത്!

കൊച്ചിയില്‍ നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ മേഖലയ്ക്ക് തന്നെ മോശം കാലഘട്ടമാണ് 2017 സമ്മാനിച്ചത്. പിന്നീടങ്ങോട് നിരവധി ആരോപണങ്ങളും, പിന്നാമ്പുറ കഥകളും, കേരള ജനതയെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ കൊണ്ടും ചലച്ചിത്ര മേഖലയ്ക്ക് പൊതുവെ ക്ഷീണമായിരുന്നു. എന്നാല്‍ സിനിമ ഇപ്പോഴും പിടിച്ച് നില്‍ക്കുന്ന 2017 തുടക്കം മുതല്‍ ഇന്ന് വരെ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ കൊണ്ടാണ്.
റിയലിസ്റ്റിക് ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ ഇഷ്ടക്കൂടുതലാണ് വര്‍ഷാരംഭത്തില്‍ തന്നെ നാം കണ്ടത്. കാട് പൂക്കുന്ന നേരം, അങ്കമാലി ഡയറീസ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, എന്നീ റിയലിസ്റ്റിക് ചിത്രങ്ങള്‍ യുവ പ്രേക്ഷകരെ സിനിമയിലേക്കടുപ്പിച്ചപ്പോള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, സൈറ ബാനു, ഗ്രേറ്റ് ഫാദര്‍, രക്ഷാധികാരി ബൈജു എന്നിവ കുടുംബ പ്രേക്ഷകരുടെ മനസ്സിലും കൂടുകൂട്ടി.
മലയാള സിനിമയില്‍ ഇതുവരെ അവതരിപ്പിച്ചുകൊണ്ടിരുന്ന ശൈലിയില്‍ നിന്നും മാറി ചിന്തിച്ചുകൊണ്ട് പിറവിയെടുത്ത ടേക്ക് ഓഫ്, എസ്ര പോലുള്ള ചിത്രങ്ങളും മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
കൂട്ടത്തില്‍ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് തെളിയിച്ച തൊണ്ടി മുതലും ദൃക്‌സാക്ഷിയും തന്നെയാണ് ഒന്നാമന്‍. സങ്കീര്‍ണമായ കഥാ തന്തുവില്‍ നിന്നും മാറി ദൈനംദിന ജീവിതത്തില്‍ കണ്ടുമുട്ടാന്‍ സാധ്യതയുള്ള കഥാപാത്രങ്ങളും, സാഹചര്യങ്ങളുമൊരുക്കിയാണ് തൊണ്ടിമുതല്‍ ജനങ്ങളിലേക്കെത്തിച്ചത്. പച്ചയായ സംഭാഷണങ്ങളും, സൂക്ഷ്മാംശങ്ങളും, നാടകീയത തൊട്ടുതീണ്ടിയില്ലാത്ത അഭിനയ മികവും ചിത്രത്തെ മികവുറ്റതാക്കി. ഒപ്പം ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയന്‍ എന്നിവരുടെ പകരംവയ്ക്കാനാകാത്ത അഭിനയവും ചിത്രത്തിന് പ്രേക്ഷക മനസ്സില്‍ ഇടം നേടി കൊടുത്തു.
മലയാള സിനിമയില്‍ ഇതുവരെയുണ്ടായിരുന്ന 'ട്രെന്‍ഡ് ' പൊളിച്ചെഴുതുന്നതായിരുന്നു ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രം. സിനിമയിലെ പ്രമുഖ താരങ്ങളെ വെച്ച് മാത്രം ചിത്രമെടുക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കിടയിലേക്കാണ് 86 പുതുമുഖങ്ങളേയും തെളിച്ചുകൊണ്ട് ലിജോ ജോസ് പല്ലിശ്ശേരി എത്തിയത്. അങ്കമാലിയിലെ ഒരു കൂട്ടം സാധാരണ മനുഷ്യരുടേയും, ഒപ്പം അങ്കമാലിക്കാരുടെ 'പന്നിവെട്ട്' എന്ന സാധാരാണ തൊഴിലിനും ഇതുവരെ ലഭിക്കാതിരുന്ന മുഖവും, സ്വീകാര്യതയുമാണ് ചിത്രത്തിലൂടെ ലഭിച്ചത്. ജനങ്ങള്‍ക്ക് സുപരിചിതമായ മുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും വ്യത്യസ്തമായ കഥ കൊണ്ടും, തനത് അവതരണ ശൈലികൊണ്ടും അങ്കമാലി ഡയറീസ് അങ്കം വെട്ടിത്തന്നെയാണ് മലയാള സിനിമാ ചരിത്രത്തിന്റെ ഡയറിയിലെ താളുകളില്‍ ഇടം നേടിയത്.
ഹോളിവുഡ് ചിത്രമായ ആര്‍ഗോ, ബോളിവുഡ് ചിത്രമായ ടേക്ക് ഓഫ് എന്നീ ചിത്രങ്ങളോട് സാമ്യമുണ്ടെങ്കിലും, മനീഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രം മലയാള സിനിമയ്ക്ക് നല്‍കിയത് മറ്റൊരു തലമാണ്. ഐ.എസ് ഭീകരവാദികളുടെ തടങ്കലിലായ മലയാളി നേഴ്‌സുമാരുടെ കഥ പത്രങ്ങളിലൂടെയും ടിവികളിലൂടെയുമെല്ലാം നാം വായിച്ചറിഞ്ഞതാണ്. എന്നാല്‍ എത്രമാത്രം ഭീകരമായ അവസ്ഥകളിലൂടെയാണ് അവര്‍ ഓരോരുത്തരും കടന്നുപോയത് എന്ന പേടിപ്പിക്കുന്ന സത്യത്തെ മലയാളികള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുകയായിരുന്നു ഈ ചിത്രം. ഒപ്പം നേഴ്‌സുമാരുടെ ജീവിതവും അവര്‍ അനുഭവിക്കുന്ന യാദനകളും കഷ്ടപ്പാടുകളും 'ഭൂമിയിലെ മാലാഖമാര്‍ എന്ന വിളിപ്പേരെയുള്ളു, മാലാഖമാരുടെ വീട്ടിലെ അടുപ്പെങ്ങനെയാണ് പുകയുന്നത് എന്ന് ആരും അന്വേഷിക്കാറില്ല' എന്ന ഒറ്റ ഡയലോഗ് കൊണ്ട് ജനങ്ങള്‍ക്ക് മുന്നില്‍ വരച്ചുകാട്ടുകയായിരുന്നു ഈ ചിത്രം.
സൂപ്പര്‍താര ചിത്രങ്ങളായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് 50 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങള്‍. ആദ്യമായി മമ്മൂട്ടി 50 കോടി ക്ലബില്‍ കയറുന്നതും, മോഹന്‍ലാല്‍ 50 കോടി ക്ലബില്‍ ഹാട്രിക് വിജയം നേടുന്നതും ഈ വര്‍ഷമാണ്. നാല് പതിറ്റാണ്ടുകളായി സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും 2017-ല്‍ മാത്രമാണ് 50 കോടി ക്ലബില്‍ കടക്കാന്‍ മെഗാസ്റ്റാറിനായത്. നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രത്തില്‍ അവതരിപ്പിച്ച ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് 50 കോടി ക്ലബില്‍ മമ്മൂട്ടിയെ കയറ്റിയത്. പുലിമുരുകന്റെയും കബാലിയുടെയും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കേരളത്തില്‍ ഭേദിച്ചായിരുന്നു തുടക്കം. 202 തിയറ്ററുകളില്‍ 958 പ്രദര്‍ശനമാണ് ചിത്രത്തിനുണ്ടായിരുന്നത്. രാവിലെ മുതലുള്ള ഫാന്‍സ് ഷോകളും കളക്ഷന് ഗുണം ചെയ്തു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍ എന്നിവരാണ് സിനിമ നിര്‍മ്മിച്ചത്.
മോഹന്‍ലാലിന്റെ ഹാട്രിക് അമ്പത് കോടി വിജയമായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമ കേരളത്തില്‍ നിന്നും വിദേശത്ത് നിന്നുമായി 61 കോടി ഗ്രോസ് കളക്ഷന്‍ നേടിയാണ് പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. പുലിമുരുകനേക്കാള്‍ എണ്ണത്തിലധികം തീയേറ്ററുകളിലാണ് മുന്തിരിവള്ളികള്‍ പ്രദര്‍ശനത്തിനെത്തിയത്. പുലിമുരുകന്‍ 330 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയെങ്കില്‍ 337 സ്‌ക്രീനുകളിലായിരുന്നു ജിബു ജേക്കബ് ചിത്രത്തിന്റെ റിലീസ്. കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു കംപ്ലീറ്റ് ആക്ടറിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.
ഇതിന് പുറമേ സൂപ്പര്‍ താരം എന്ന ബ്രാന്‍ഡ് കൊണ്ട് മാത്രം തിയറ്ററുകളിലേക്ക് ജനത്തെ കൊണ്ടുവരാന്‍ കഴിയില്ല എന്ന തത്വവും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. മമ്മൂട്ടി ചിത്രമായ പുത്തന്‍ പണം, മോഹന്‍ലാല്‍ ചിത്രമായ ബിയോണ്ട് ബോഡേഴ്‌സും തിയറ്ററുകളില്‍ കൈയ്യടി നേടിയില്ല.
ജീവിതത്തിലേതെന്ന പോലെ തന്നെ സിനിമയിലും നല്ലകാലമല്ല ദിലീപിന്. ഇത്തവണ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം ഇനീഷ്യല്‍ കളക്ഷനായി 1.75 കോടിയാണ് നേടിയത്. 7.16 കോടിയാണ് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ സിനിമ നേടിയത്. ദിലീപ് അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായ രാംലീല എന്ന സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലായി.
മലയാളികള്‍ക്ക് പൊതുവെ ചെങ്കൊടികള്‍ പാറിക്കുന്ന ചിത്രങ്ങളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ പട്ടികയിലുണ്ട്. എന്നാല്‍ ഇതേ പ്രതീക്ഷയില്‍ ടൊവിനോ തോമസ് നായകനായ മെക്‌സിക്കന്‍ അപാരതയും, സഖാവും, സിഐഎയും പ്രേക്ഷകരെ നിരാശരാക്കി.
മികച്ച മാര്‍ക്കറ്റിങ്ങ്, പ്രമോഷന്‍ തന്ത്രങ്ങളിലൂടെ അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്‌സിക്കന്‍ അപാരത മൂന്ന് കോടിക്കടുത്ത് ആദ്യ ദിന കളക്ഷന്‍ നേടി. 16 കോടി നേടിയാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്. യുവതാരങ്ങള്‍ക്കിടയില്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിച്ചെങ്കിലും, കമ്മ്യൂണിസ്റ്റ് ചിത്രമെന്ന നിലയില്‍ മെക്‌സിക്കന്‍ അപാരത ജനഹൃദയങ്ങളില്‍ ഇടം നേടിയില്ല.
മെക്‌സിക്കന്‍ അപാരതയുടെ അതേ ഗതി തന്നെയായിരുന്നു സിഐഎക്കും. ഏറെ പ്രതീക്ഷയോടെയാണ് ജനം അമല്‍ നീരദ്-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ പിറന്ന സിഐഎ കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. എങ്ങനെയോ ഉരുണ്ടോടിയ ചിത്രം 23 കോടി ഓട്ടം അവസാനിപ്പിച്ചു.
തൊട്ടതെല്ലാം പൊന്നെന്ന വിശേഷണം ഈ ചിത്രത്തോടെ നിവിന്‍ പോളിക്ക് അന്യമാകുന്നു. ഈ വര്‍ഷത്തെ നിവിന്‍ പോളിയുടെ പ്രധാന റിലീസായിരുന്നു സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ്. വിഷു റിലീസായി തിയറ്ററുകളിലെത്തിയ സഖാവ് കൈകാര്യം ചെയ്ത വിഷയം ചര്‍ച്ചയായെങ്കിലും നിവിന്റെ താരമൂല്യത്തിനൊത്ത വിജയം കൈവരിക്കാനായില്ല.
ബിജു മേനോന്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ രക്ഷാധികാരി ബൈജുവാണ് പ്രേക്ഷക പ്രശംസ നേടിയ മറ്റൊരു ചിത്രം. അവധിക്കാല റിലീസുകളില്‍ ഏറ്റവും മികച്ചത് രക്ഷാധികാരി ബിജു തന്നെയായിരുന്നുവെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു. 'ഫീല്‍ ഗുഡ്' ചിത്രങ്ങള്‍ എന്ന ശ്രേണിയില്‍ പെടുത്താവുന്നതായിരുന്നു ഈ ബിജു മേനോന്‍ സിനിമ. രക്ഷാധികാരി ബിജുവായി ബിജുമേനോന്‍ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച അഭിനയം തന്നെയാണ് സമ്മാനിച്ചത്.

https://www.facebook.com/Malayalivartha






















