‘അമ്മ’യിൽ നേതൃമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്; കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വന്നേക്കാം!

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നേതൃമാറ്റം വേണ്ടെന്ന് നടൻ പൃഥ്വിരാജ്, നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ നേതൃമാറ്റം വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ചു നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതേസമയം, ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചു പൃഥ്വിരാജ് പ്രതികരിച്ചില്ല.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും. നിലവിലെ റിമാൻഡ് കാലയളവിൽ ഒരുവട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാൽ പുതിയ ജാമ്യാപേക്ഷ നാളെത്തന്നെ നൽകണോ എന്ന കാര്യത്തിൽ പ്രതിഭാഗത്ത് ആശയക്കുഴപ്പമുണ്ടെന്നാണു വിവരം.
നാളെ ജാമ്യാപേക്ഷ നൽകുന്നില്ലെങ്കിൽ കോടതി വീണ്ടും റിമാൻഡ് ചെയ്യാനാണു സാധ്യത. നിലവിലുള്ള അഭിഭാഷകനെ മാറ്റിയാണു ദിലീപ് ജാമ്യത്തിനു നീക്കം നടത്തുന്നത്. ഡ്രൈവറും സഹായിയുമായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിൽ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു നേരത്തേ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
https://www.facebook.com/Malayalivartha