റഹ്മാന്‍ തനിയ്ക്ക് ഭീഷണിയാകുമെന്ന് പേടിച്ച മമ്മൂട്ടി!

റഹ്മാന്‍ ജ്വലിച്ച് നില്‍ക്കുന്ന സമയത്ത് മലയാള സിനിമയില്‍ ചുവട് ഉറപ്പിച്ച് തുടങ്ങിയ നമ്മുടെ മെഗാതാരം മമ്മൂട്ടിയ്ക്ക് റഹ്മാനെ ഭയമായിരുന്നു അത്രെ. മംഗളം ആഴ്ചപതിപ്പിലെ മമ്മൂട്ടിക്കഥകള്‍ എന്ന പംക്തിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ഓര്‍മ്മക്കുറിപ്പായാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എറണാകുളം ലോ കോളജിനടുത്തുള്ള സെന്റ് മേരീസ് ചര്‍ച്ചില്‍ ഒരു കല്യാണം കൂടാനെത്തിയപ്പോള്‍ സുഹൃത്തായ ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥന്‍ കോശിയാണ് മുഹമ്മദ് കുട്ടിയെ തനിയ്ക്ക് പരിചയപ്പെടുത്തിയതെന്ന് യേശുദാസന്‍ ഓര്‍ത്തെടുക്കുന്നു. ഇത് മുഹമ്മദ്കുട്ടി. ഞങ്ങളൊന്നിച്ച് കോളേജില്‍ പഠിച്ചതാണ്. ഇവന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ദാസേട്ടന്‍ ഒന്നു സഹായിക്കണം. അന്ന് ഞാന്‍ എറണാകുളത്ത് കട്ട്കട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്. അത്യാവശ്യം സിനിമാബന്ധങ്ങളൊക്കെയുണ്ട്. അതു മനസിലാക്കിയാവണം കോശി പറഞ്ഞതെന്നും വല്ലവരോടും പറഞ്ഞു നോക്കട്ടെയെന്ന് താന്‍ ഉറപ്പുകൊടുത്തതായും അദ്ദേഹം പറയുന്നു. കണ്ണ് ശരിയല്ലെന്ന് പറഞ്ഞ് തന്റെ ശുപാര്‍ശയുമായി ചാന്‍സ് തേടിയെത്തിയ മമ്മൂട്ടിയെ സംവിധായകന്‍ ചന്ദ്രകുമാര്‍ പറഞ്ഞയച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ എതിര്‍വശത്താണ് ഓഫീസ്. അടുത്ത ദിവസം തന്നെ മുഹമ്മദ്കുട്ടി ഒരു സ്‌കൂട്ടറില്‍ എന്നെത്തേടി അവിടെയെത്തി. സ്‌കൂട്ടറിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് അയാളുടെ കൈയില്‍ കെട്ടിയ റാഡോ വാച്ചാണ്. അതു തിളങ്ങുന്നുണ്ടായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചതിനുശേഷമാണ് അന്നു പിരിഞ്ഞത്. ആ സൗഹൃദം പതുക്കെ വളരുകയായിരുന്നു. മിക്ക ദിവസവും മുഹമ്മദ് കുട്ടി ഓഫീസില്‍ വരും.
പി.ചന്ദ്രകുമാര്‍ സംഭവം എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ കത്തുമായി സംവിധായകനെ കാണാന്‍ പറഞ്ഞയച്ചു. പക്ഷേ അപ്പോഴേക്കും ആ സിനിമയിലെ റോളുകള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. മജീന്ദ്രനും ബാബുവുമായിരുന്നു നിര്‍മ്മാതാക്കള്‍. മറ്റൊരു ദിവസം സംവിധായന്‍ ബക്കറിനെ കാണാന്‍ പറഞ്ഞയച്ചു. ബക്കര്‍ പിന്നീടെന്നെ വിളിച്ചു. ദാസ് പറഞ്ഞയച്ച മുഹമ്മദ്കുട്ടിയുടെ കണ്ണ് ശരിയല്ല.
പെട്ടെന്ന് റോള്‍ കിട്ടിയില്ലെങ്കിലും മുഹമ്മദ് കുട്ടി എന്നെ വിളിച്ചുകൊണ്ടേയിരുന്നു. രാത്രിയും പകലുമെന്ന ഭേദമില്ലാതെ സിനിമാവിശേഷങ്ങള്‍ പങ്കുവച്ചു. സിനിമയുടെ ട്രെന്‍ഡ്, ഹിറ്റുകള്‍, കുടുംബം...അങ്ങനെ എല്ലാ വിഷയങ്ങളും ഞങ്ങളുടെ ചര്‍ച്ചയിലേക്കു കയറിവന്നു.
പിന്നീടൊരിക്കല്‍ 'സംഭവത്തി'ന്റെ വര്‍ക്കുമായി മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ആ ഹോട്ടലില്‍ മുഹമ്മദ് കുട്ടിയുമുണ്ടായിരുന്നു. പിറ്റേ ദിവസത്തെ ഫ്‌ളൈറ്റില്‍ എറണാകുളത്തേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍ തനിക്കും വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അക്കാലത്ത് ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടാന്‍ കുറച്ചുപാടാണ്. സംഭവത്തിന്റെ നിര്‍മ്മാതാവ് ബാബു മൂഖേന ഒരു ടിക്കറ്റ് റെഡിയാക്കി. മുഹമ്മദ് കുട്ടിയുടെ ആദ്യത്തെ ഫ്‌ളൈറ്റ്‌യാത്ര. ഫ്‌ളൈറ്റില്‍ ഞാന്‍ പുതുമുഖമല്ലെങ്കിലും പറന്നുയരുമ്പോള്‍ എനിക്കിപ്പോഴും പേടിയാണ്. പതിവിലധികം മഴയും കാറ്റുമുള്ള ആ പകലില്‍ ഫ്‌ലൈറ്റ് ഉലയുന്നുണ്ടോ എന്ന സംശയമായിരുന്നു എനിക്ക്. ഉള്ളില്‍ വല്ലാത്തൊരു ഭീതി. അപ്പോഴും മുഹമ്മദ് കുട്ടി തന്റെ ആദ്യത്തെ യാത്ര ആസ്വദിക്കുകയായിരുന്നു.
പതുക്കെപ്പതുക്കെ മുഹമ്മദ് കുട്ടി സിനിമയില്‍ ചുവടുറപ്പിച്ചു. മുഹമ്മദ് കുട്ടി മമ്മൂട്ടിയായി. സിനിമയില്‍ തുടങ്ങിയ കാലത്ത് മമ്മൂട്ടിക്ക് ഒരാളെ മാത്രമേ ഭയമുണ്ടായിരുന്നുള്ളൂ. അത് റഹ്മാനായിരുന്നു.
ദാസ്, റഹ്മാന്‍ എനിക്കൊരു ഭീഷണിയാവുമോ..?ഒരു ദിവസം വളരെ ഉത്കണ്ഠയോടെ മമ്മൂട്ടി ചോദിച്ചു.
ഒരിക്കലുമില്ല. പേടിക്കേണ്ട ആളേയല്ല റഹ്മാന്‍.
എന്നിട്ടും മമ്മൂട്ടിക്ക് സമാധാനമായില്ല. തൃശൂരില്‍ നെല്ലിക്കുന്ന് ആന്റണിയുടെ സ്റ്റുഡിയോ ഉദ്ഘാടനത്തിനു പോയി വരുമ്പോള്‍ ഞാനും ജഗതി ശ്രീകുമാറും റഹ്മാനും ഒരു കാറിലായിരുന്നു. വരുന്നവഴിക്ക് എന്റെ വീട്ടില്‍ കയറി ചായ കഴിച്ചിട്ടാണ് അവര്‍ പോയത്. ഇക്കാര്യമറിഞ്ഞപ്പോഴും മമ്മൂട്ടിക്ക് വിഷമമായി. അത് പിന്നീടുള്ള സംസാരത്തില്‍ നിന്നു തിരിച്ചറിയാമായിരുന്നു.
നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്ക് പായസം വളരെയിഷ്ടമാണ്. ഒരുദിവസം സുഹാസിനി മമ്മൂട്ടിക്കിഷ്ടപ്പെട്ട പായസം ഉണ്ടാക്കിക്കൊടുത്തു. ഈ കഥ ഞാന്‍ എന്റെ കട്ട്കട്ട് മാസികയില്‍ ചേര്‍ത്തു. വായിച്ചുവന്നപ്പോള്‍ അവര്‍ തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പം ഉള്ളതുപോലൊരു ധാരണ പരന്നു. മമ്മൂട്ടി ഞാനുമായി പിണക്കത്തിലായി. അതിനുശേഷം ഏത് ലൊക്കേഷനില്‍ പോയാലും ഭാര്യ സുലുവിനെയും ഒപ്പം കൂട്ടും.
സ്‌ഫോടനം എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് പ്രധാനപ്പെട്ട ഒരു റോള്‍ കിട്ടിയത്. പടത്തിന്റെ പൂജാ ക്ഷണക്കത്തില്‍ മമ്മൂട്ടിയുടെ പേര് മുഹമ്മദ് കുട്ടിയെന്ന് മാറ്റിയിരുന്നു. ഇതറിഞ്ഞപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ വിളിച്ചു.
മമ്മൂട്ടി എന്ന പേരിന്റെ ഐശ്വര്യം മുഹമ്മദ് കുട്ടിക്കില്ല. അതുകൊണ്ട് പേരുമാറ്റാന്‍ തയാറാവരുത്. പി.ജി.വിശ്വംഭരന്‍ പറഞ്ഞതനുസരിച്ചാണ് മാറ്റിയതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത് അംഗീകരിക്കരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ മമ്മൂട്ടി സമ്മതിച്ചു. മമ്മൂട്ടി പേരുമാറ്റുന്നില്ല എന്ന രീതിയില്‍ കട്ട്കട്ടില്‍ വാര്‍ത്തയും നല്‍കി. മമ്മൂട്ടിയെന്ന പേര് അന്നും ഇന്നും ശക്തിയുള്ളതാണ്. അതില്‍ എന്റെ പ്രേരണ കൂടിയുണ്ടെന്നറിയുമ്പോള്‍ അഭിമാനം തോന്നുന്നു-യേശുദാസന്‍ എഴുതുന്നു.
https://www.facebook.com/Malayalivartha





















