പളനിസാമിയെ ഉന്നമിട്ട് വീണ്ടും കമൽ

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കു കരുത്തു പകർന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്രതാരം കമൽഹാസൻ വീണ്ടും രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കുറ്റകൃത്യങ്ങളും അഴിമതിയും വർധിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് സൂപ്പർതാരത്തിന്റെ വിമർശനം. സ്വാതന്ത്ര്യദിനത്തിൽ വന്ന സന്ദേശത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
‘ദുരന്തങ്ങളും അഴിമതിയും രൂക്ഷമാകുമ്പോൾ സംസ്ഥാന ഭരണം കയ്യാളുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാകും. എന്നിട്ടും തമിഴ്നാട്ടിൽ ഒരു പാർട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങൾ വർധിക്കുകയും ചെയ്യുന്നു’– കമൽഹാസൻ ട്വിറ്ററിൽ വ്യക്തമാക്കി. ‘എന്റെ ലക്ഷ്യം തമിഴ്നാടിന്റെ പുരോഗതിയാണ്. അതിനായി ഉയരുന്ന എന്റെ ശബ്ദത്തിന്റെ കരുത്തുകൂട്ടാൻ ആർക്ക് സാധിക്കും? ഡിഎംകെ, എഐഎഡിഎംകെ, മറ്റു പാർട്ടികൾ തുടങ്ങിയവ അതിനുള്ള ഉപകരണങ്ങളാണ്. ഇവയ്ക്ക് മൂർച്ചയില്ലെങ്കിൽ ബദൽ മാർഗം കണ്ടെത്തുക’– മറ്റൊരു ട്വീറ്റിൽ കമൽഹാസൻ കുറിച്ചു.
സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം പലകുറി തുറന്നു പറഞ്ഞിട്ടുള്ള കമൽഹാസൻ, സ്വാതന്ത്ര്യ ദിനത്തിൽ ഇതേ ആവശ്യമുയർത്തി വീണ്ടും രംഗത്തെത്തിയത് ശ്രദ്ധേയമാണ്. എല്ലാ സർക്കാർ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങാണെന്നും ജനങ്ങൾ അവരുടെ പരാതികൾ ബന്ധപ്പെട്ട മന്ത്രിമാർക്ക് ഇ–മെയിലായി അയയ്ക്കണമെന്നും കമൽഹാസൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്.
അതേസമയം, രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സർക്കാരിനെ വിമർശിക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും രംഗത്തെത്തി. കമൽഹാസൻ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സർക്കാരിനെ വിമർശിക്കണമെന്നും അപ്പോൾ തക്കതമായ മറുപടി നൽകാമെന്നുമായിരുന്നു പളനിസാമിയുടെ പ്രസ്താവന.
അതിനിടെ, സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ഒരുമിച്ചു പങ്കെടുത്തത്തും അഭ്യൂഹങ്ങൾ ശക്തമാക്കി. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിനാണു തമിഴകത്തിന്റെ സൂപ്പർ താരങ്ങളെത്തിയത്. ഇരുവരും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകളാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha