താഴ്‌വാരത്തിലെ ക്രൂരനായ വില്ലൻ സലീം ഘൗസ് ഇപ്പോൾ എവിടെ?

ഭരതൻ സംവിധാനം ചെയ്ത താഴ്‌വാരം (1990) എന്ന ചിത്രത്തിലെ തന്റെ ആദ്യ കാൽവയ്പിലൂടെ തന്നെ മലയാളി പ്രേക്ഷക മനസ്സിൽ വില്ലൻ കഥാപാത്രങ്ങൾക്ക് വ്യത്യസ്ഥമായ ഒരു മാനം പകർന്ന് നൽകിയ നടൻ ആണ് സലീം ഘൗസ്. താഴ്‌വാരം എന്ന ചിതത്തിലെ മോഹൻലാൽ അവതരിപ്പിച്ച ബാലൻ എന്ന നായക കഥാപാത്രത്തിനൊപ്പം എന്നെന്നും ഓർക്കപ്പെടുന്ന ഒരു മുഖമായി മാറി സലീം അവതരിപ്പിച്ച രാജു എന്ന വില്ലൻ കഥാപാത്രവും.
ടിവി, നാടക നടനും ആയോധന കലാവിദഗ്ദ്ധനുമായ സലീം ഘൗസ് താഴ്‌വാരത്തിന് ശേഷം ഉടയോൻ എന്ന മോഹൻ ലാൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം കൂടുതലും തമിഴ്, ഹിന്ദി സിനിമകളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ മലയാളത്തിലെ രാജു എന്ന ഒരൊറ്റ കഥാപാത്രം തന്നെ അദ്ദേഹത്തെ സിനിമ പ്രേക്ഷകർക്കിടയിലെ ചിരപരിചിതനായ നടനാക്കി മാറ്റി.
ഒരു കറ കളഞ്ഞ തീയറ്റർ കലാകാരനായ സലീം ഘൗസ് നാടകരംഗത്ത് നിരവധി കഥാപാത്രങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത കഥാപാത്രമാണ് Troubadour എന്ന ഏകാങ്ക നാടകത്തിലെ സൂഫി കവി മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) എന്ന കഥാപാത്രം. നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നാടകവേദി തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യന്തികമായ അരങ്ങ്. സിനിമകളിൽ നിരവധി അവസരങ്ങൾ തന്നെ തേടി വരുന്നുണ്ടെങ്കിലും നാടകം വിട്ടൊരു കളി തനിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ച്പറയുന്നു.
എനിക്ക് കിട്ടുന്ന 10 ചിത്രങ്ങളിൽ ഒന്ന് മാത്രമേ ഞാൻ സ്വീകരിക്കു, കാരണം എന്റെ ജീവിത ചിലവുകൾ ബുദ്ധിമുട്ടില്ലാതെ കടന്ന് പോകണം എന്നതുകൊണ്ട് മാത്രം. അധികം ആർഭാടങ്ങളിൽ ഒന്നും വിശ്വസിക്കാത്ത വെറും സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ അദ്ദേഹം പറയുന്നു. നാടകവും മാർഷൽ ആട്സുമാണ് തന്നെ വിവേകമുള്ളവനും തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനും പ്രാപ്തനാക്കുന്നുത്.
നാടകത്തിൽ അധികം മേക്കപ്പിന്റെ ആവശ്യം അദ്ദേഹത്തിന് വരാറില്ല. ഒരു നടന്റെ ശബ്ദവും ശരീരവും കൊണ്ടുള്ള മാന്ത്രിക വിദ്യയാണ് നാടകം, സിനിമ ദൃശ്യങ്ങളിലൂടെ പ്രേക്ഷകന്റെ ഉള്ളിൽ എത്തുമ്പോൾ നാടകം നടന്റെ ശബ്ദത്തിലൂടെയാണ് കാണികളുടെ മനസ്സിൽ ഇടം നേടുന്നത് സലീം പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ അനിത സലീമും ഒരു തീയറ്റർ ആർട്ടിസ്റ്റാണ്.
https://www.facebook.com/Malayalivartha