ചാന്‍സ് ചോദിച്ചു നടന്നാല്‍ ആസിഫ് അലിക്കു നാണക്കേടാവുമോ എന്നു കരുതി ചെന്നൈയ്ക്കു വണ്ടികയറുകയായിരുന്നു: അസ്‌കര്‍ അലി

ഇക്കായുടെ സ്വന്തം അനിയന്‍. സംവിധായകന്‍ ലാല്‍ വിളിച്ചു പറയുമ്പോഴാണ് ഹണീബി 2.5 എന്ന സിനിമയില്‍ നായകന്‍ സ്വന്തം അനിയന്‍ അസ്‌കര്‍ അലിയാണെന്ന് ആസിഫ് അലി അറിയുന്നത്. അത്ര രഹസ്യമായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് അസ്‌കര്‍ അലി പറയുന്നു.
ചാന്‍സ് ചോദിച്ചു നടന്നാല്‍ ആസിഫ് അലിക്കു നാണക്കേടാവുമോ എന്നു കരുതി ചെന്നൈയ്ക്കു വണ്ടികയറിയ കക്ഷിയാണ് അസ്‌കര്‍. ചെന്നൈയില്‍ പരസ്യചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി. അപ്രതീക്ഷിതമായി ലാലിന്റെ വിളി. അങ്ങനെ ഹണീബി 2.5 എന്ന സിനിമയില്‍ നായകവേഷം. വിവരം പറയാന്‍ ആസിഫ് അലിയെ അസ്‌കര്‍ വിളിച്ചു. മറുപടി ഒറ്റവാക്കില്‍: നിനക്കു നല്ല ധൈര്യമുണ്ടെങ്കില്‍ വന്ന് ചെയ്‌തോ
അസ്‌കറിന്റെ വാക്കുകള്‍:
'ഞങ്ങള്‍ തമ്മില്‍ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്. ഇക്കായോട് ബഹുമാനം കലര്‍ന്ന ഒരു അകലം എന്നും സൂക്ഷിച്ചിരുന്നു. സിനിമാക്കാര്യമൊന്നും പരസ്പരം സംസാരിക്കില്ല.
കുട്ടിക്കാലം മുതലേ സിനിമയോടുണ്ടായിരുന്ന ഇഷ്ടം ഇക്കാ സിനിമയിലെത്തിയപ്പോള്‍ കൂടി. ജീവിതത്തില്‍ ഇന്നേവരെ സ്‌റ്റേജില്‍ കയറിയിട്ടില്ലാത്തയാളാണു ഞാന്‍. അഭിനയത്തിലും മുന്‍പരിചയമില്ല. അടുപ്പമുള്ള ഒരേയൊരു സിനിമാക്കാരന്‍ ആസിഫ് അലി മാത്രമാണ്. പക്ഷേ, ആസിഫ് അലിയുടെ പേര് ഉപയോഗിക്കാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ലായിരുന്നു. ചെന്നൈയിലേക്കു പോയപ്പോഴും ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കാനാകും എന്റെ താല്‍പര്യമെന്നു കരുതിക്കാണണം ഇക്കാ. ഹണീബി 2.5ന്റെ സെറ്റില്‍പ്പോലും എന്നെ അധികം മൈന്‍ഡ് ചെയ്തിരുന്നില്ല. ഇമോഷണലായാല്‍ എന്റെ ശ്രദ്ധ പോകുമെന്നു കരുതിയാകും, ഷോട്ടിനു മുന്‍പ് ഉപദേശങ്ങളും തന്നില്ല.
ഞാന്‍ പഠിച്ച കോളജിനടുത്താണ് ലിജോമോളുടെ വീട്. ആദ്യമായി കാണുന്നത് ഹണീബീ 2.5ന്റെ സെറ്റില്‍വച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം രണ്ടു സിനിമകളുടെ എക്‌സ്പീരിയന്‍സ് കൂടുതലുള്ള ആളാണ് ലിജോ. റൊമാന്‍സ് ഒക്കെ അവതരിപ്പിക്കുമ്പോള്‍ നല്ല ചമ്മലുണ്ടാകുമല്ലോ. പിന്നെ, ഞങ്ങള്‍ രണ്ടും എപ്പോഴും ഒരുമിച്ചായിരിക്കും, അങ്ങനെ പതിയെപ്പതിയെ ആ ചമ്മലങ്ങു മാറി.
https://www.facebook.com/Malayalivartha