ആൾദൈവങ്ങൾ ചെകുത്താന്റെ അവതാരങ്ങൾ ; നടൻ ജോയ് മാത്യു

സ്വയംപ്രഖ്യാപിത മതനേതാക്കളെ ആൾദൈവങ്ങൾ എന്നു വിശേഷിപ്പിക്കുന്നതിനെതിരേ നടൻ ജോയ് മാത്യു. "ആൾദൈവം’ എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ ബോധപൂർവമാണെന്നും സത്യത്തിൽ ഇവർ ചെകുത്താന്റെ അവതാരങ്ങളാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജോയ് മാത്യുവിന്റെ പരിഹാസം.
ആൾദൈവം എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു ദൈവവിശ്വാസികളായവരെ കളിയാക്കാനാണ്. സത്യത്തിൽ ഇവർ ചെകുത്താന്റെ അവതാരങ്ങളല്ലേ? അപ്പോൾ ആൾദൈവം എന്നതിനു പകരം ചെകുത്താൻ എന്നും ആരാധകർ എന്നതിനു അടിമകൾ അല്ലെങ്കിൽ ചെകുത്താൻ സേവക്കാർ എന്നോ പറഞ്ഞുശീലിച്ചാൽ പാവം ദൈവ വിശ്വാസികളെങ്കിലും ഹാപ്പിയാകും.
ഇമ്മാതിരി ചെകുത്താന്മാർക്കും അവരുടെ അടിമകൾക്കും വളരാൻ പറ്റിയ മണ്ണാണു നമ്മുടെ രാജ്യമെന്ന് വീണ്ടും വീണ്ടും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കയാണ്. ഒരു ബലാത്സംഗിക്ക് കോടതി ശിക്ഷവിധിക്കും മുൻപേ 36 ജീവൻ ബലി നൽകേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണ്. ഇങ്ങനെയുള്ള ചെകുത്താന്മാരുടെ അനുഗ്രഹാശിസുകളോടെ വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവർ ചെകുത്താൻ വിളയാട്ടങ്ങളിൽ നിശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നും ജോയ് മാത്യു പരിഹസിക്കുന്നു.
വിപ്ലവം തുപ്പുന്ന നിരവധി പാർട്ടികൾ നമുക്കുണ്ട് .എന്നാൽ ഇതിലെ ഒരു അംഗമെങ്കിലും ഇത്തരം ചെകുത്താൻ സേവയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ എന്നാണു ധൈര്യം കാണിക്കുകയെന്നും ജോയ് മാത്യു ചോദിക്കുന്നു.
https://www.facebook.com/Malayalivartha