നവംബര്‍ 14 ശിശുദിനം മാത്രമല്ല പ്രമേഹ ദിനം കൂടിയാണ്..! ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്നു, 2025 ഓടെ പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന് വിദഗ്ദര്‍

നമുക്ക് എല്ലാവര്‍ക്കും അറിയാം നവംബര്‍ 14 ശിശുദിനം ആണെന്ന്. എന്നാല്‍ ലോക പ്രമേഹ ദിനം കൂടിയാണെന്ന് പലര്‍ക്കും അറിയില്ല. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. നിശബ്ദ കൊലയാളിയെന്ന് അറിയപ്പെടുന്ന പ്രമേഹത്തിനെക്കുറിച്ച് കൂടുതല്‍ അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനും പ്രമേഹം വരാതെ സൂക്ഷിക്കാനും വേണ്ടിയാണ് വര്‍ഷാവര്‍ഷം നവംബര്‍ 14 പ്രമേഹദിനമായി ആചരിക്കുന്നത്.
അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കോവിഡ് -19 ന് ശേഷം, ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹമുള്ളവര്‍ക്ക് മറ്റ് ഒരുപാട് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി രോഗബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു.
അത് മൂലം നിരവധി പേരുടെ കണ്ണുകള്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെടുകയും തുടര്‍ന്ന് അവര്‍ പൂര്‍ണമായും അന്ധരായി മാറുകയും ചെയ്യുന്നു. ഇവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ ഡയബറ്റിക് റെറ്റിനോപ്പതിക്ക് ഇരയാകുന്നു. പ്രമേഹം മൂലമുണ്ടാകുന്ന കണ്ണിന്റെ ഗുരുതരമായ രോഗമാണിത്.
2025 ഓടെ റെറ്റിനോപ്പതി ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റും എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ ഡോ.സഞ്ജയ് കല്‍റ പറയുന്നു. ഇതു കൂടാതെ 2030 ആകുമ്‌ബോഴേക്കും ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യം ഇന്ത്യയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
'ഇന്ത്യയില്‍ നിലവില്‍ 7.7 കോടി ആളുകള്‍ പ്രമേഹബാധിതരാണ്. കോവിഡ് 19 ലോകമെമ്ബാടും വ്യാപിച്ചതിനുശേഷം ശേഷം ടൈപ്പ്-2, ടൈപ്പ്-1 പ്രമേഹ രോഗികള്‍ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും കണ്ടുവരുന്നു. ഇത് എല്ലാ ഡോക്ടര്‍മാരേയും ആശങ്കപ്പെടുത്തുന്ന ഒരു വലിയ പ്രശ്‌നമാണ്',ഡോ കല്‍റ പറഞ്ഞു.
കോവിഡ് -19 ഉണ്ടായവരില്‍ കാണുന്ന ഹോര്‍മോണുകള്‍ മനുഷ്യ ശരീരത്തിലുള്ള ഇന്‍സുലിനെ ദുര്‍ബലപ്പെടുത്തുകയും പിന്നീട് പ്രമേഹമുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ഡോക്ടര്‍ കല്‍റ പറഞ്ഞു. ഇത്തരം കേസുകളില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത രോഗികള്‍ക്ക് പ്രമേഹം പിടിപെടുന്നു. രോഗികള്‍ക്ക് നല്‍കുന്ന മരുന്നിലെ സ്റ്റിറോയിഡുകളിലൂടെ പ്രമേഹരോഗം വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ കോവിഡ് -19 ജനങ്ങളുടെ പാന്‍ക്രിയാസിനെ ആക്രമിച്ചപ്പോള്‍ ഇത് ധാരാളം പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായി. പിന്നീട് അത് റെറ്റിനോപ്പതി കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും കാരണമായി.
ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോക്ടര്‍ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ഓരോ വര്‍ഷവും ആചരിക്കുന്നത്. ലോകത്തെ 160 ല്‍ പരം രാജ്യങ്ങളില്‍ നവംബര്‍ 14 പ്രമേഹ ദിനമായി ആചരിക്കുന്നു.
https://www.facebook.com/Malayalivartha