ഇന്ത്യയിലും ചൈനയിലും ക്യാന്‍സര്‍ ഭീഷണി വര്‍ധിക്കുന്നതായി പഠനം

ഇന്ത്യയിലും ചൈനയിലും ക്യാന്‍സര്‍ ഭീഷണി വര്‍ധിക്കുന്നതായി പഠനം. ഏഷ്യയിലെ വന്‍ ശക്തികളായ ഇരു രാജ്യങ്ങള്‍ക്കും ഇതുമൂലം സാമ്പത്തിക മേഖലയിലടക്കം നിലവധി തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗനിര്‍ണ്ണയം വൈകുന്നതും വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതും കാരണം നിരവധിപ്പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ഓരോ വര്‍ഷവും 10 ലക്ഷത്തോളം പേര്‍ ക്യാന്‍സര്‍ ബാധിതരാകുന്നുണ്ട്. പഠനറിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം 2035 ല്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം 17 ലക്ഷം കവിയും. ആറു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ ക്യാന്‍സര്‍ രോഗികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ മരണമടയുന്നത്. ഇത് 12 ലക്ഷത്തോളമായി ഉയരാന്‍ സാധ്യതയുളളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രോഗ നിര്‍ണ്ണയത്തിന് ശേഷം അഞ്ച് വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നവര്‍ 30 ശതമാനം മാത്രമാണ്.
പുകവലിയും ജലമലിനീകരണവുമാണ് ചൈനയില്‍ അറുപത് ശതമാനം ക്യാന്‍സര്‍ രോഗങ്ങള്‍ക്കും ഹേതുവാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 5.1 ശതമാനം മാത്രമാണ് ചൈന ആരോഗ്യ സംരക്ഷണത്തിന് നീക്കി വയ്‌ക്കുന്നത്. ഇതില്‍ 0.1 ശതമാനം മാത്രമാണ് ക്യാന്‍സര്‍ രോഗത്തിനെതിരെ ഉപയോഗിക്കുന്നത്.
പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടെ അവബോധം വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കൊല്‍ക്കത്തയിലെ റ്റാറ്റാ മെഡിക്കല്‍ സെന്ററിലെ പ്രഫസര്‍ മോഹന്‍ദാസ് മല്ലത്ത് പറയുന്നു. ക്യാന്‍സര്‍ വൈറസിനെതിരായ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കൂടുതല്‍ ക്യാന്‍സര്‍ ഗവേഷണ സ്ഥാപനങ്ങളും ആശുപത്രികളും നിര്‍മ്മിക്കണമെന്നും മോഹന്‍ദാസ് മല്ലത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha