ലോകാദ്ഭുതമായി മാറിയ തിയറ്റര്‍: കൊളോസിയം

റോമിലെ കൊളോസിയം, പുരാതന റോമാ സാമ്രാജ്യത്തിന്റെ അഭിമാനസ്തംഭവും ശില്പവിദ്യയിലെ വിസ്മയവുമാണ് . മനുഷ്യനിര്‍മിതമായ കെട്ടിടങ്ങളില്‍ വലിപ്പംകൊണ്ടും നിര്‍മാണവൈദഗ്ധ്യം കൊണ്ടും അദ്ഭുതമായി മാറിയ ഈ നിര്‍മിതി മധ്യആധുനിക കാലഘട്ടത്തിലെ ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ പെടുന്നു.
റോമന്‍ ജനത നീറോ ചക്രവര്‍ത്തിയുടെ ഭരണത്തില്‍ പൊറുതിമുട്ടിയിരുന്ന കാലം. എഡി 68-ല്‍ അദ്ദേഹം മരിച്ചു. അടുത്തതായി അധികാരത്തിലേറിയ വെസ്‌പേഷ്യന്‍ ചക്രവര്‍ത്തി നീറോയുടെ ദുഷ്ടതകള്‍ക്ക് പരിഹാരമെന്നോണം നീറോയുടെ സ്വകാര്യ ഉദ്യാനം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കൊളോസിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മിച്ച ഒരു ഭീമന്‍ തിയറ്ററാണ് കൊളോസിയം. ഒറ്റക്കാഴ്ചയില്‍ ഒരു ആധുനിക സ്‌റ്റേഡിയമാണെന്നേ പറയൂ. 80-ലധികം വാതിലുകളും രഹസ്യമുറികളുമൊക്കെയുള്ള കെട്ടിടം. അര്‍ധവൃത്താകൃതിയിലാണ് ഇതിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒത്ത നടുവില്‍ സ്‌റ്റേജ്. നാടകം മാത്രമല്ല, വീരയോദ്ധാക്കളുടെ മല്ലയുദ്ധങ്ങള്‍ പോലുള്ള പോരാട്ടങ്ങള്‍ക്കും മൃഗവിനോദങ്ങള്‍ക്കും കൊളോസിയം ഉപയോഗിച്ചു.
അക്കാലത്തെ കെട്ടിടങ്ങളില്‍ വലിപ്പത്തിലും കൊളോസിയം ഒട്ടും പിന്നിലായിരുന്നില്ല. 189 മീറ്റര്‍ നീളവും 156 മീറ്റര്‍ വീതിയും 546 മീറ്റര്‍ ചുറ്റളവും 48 മീറ്റര്‍ ഉയരവുമുള്ള വമ്പന്‍ തിയറ്ററായിരുന്നു അത്. അതിനുള്ളില്‍ ഇരിക്കാവുന്ന കാണികളുടെ എണ്ണം ഏതാണ്ട് അരലക്ഷം ആയിരുന്നു! സമൂഹത്തിലുള്ള സ്ഥാനം അനുസരിച്ചാണ് കാഴ്ചക്കാര്‍ക്ക് ഇരിപ്പിടം അനുവദിച്ചിരുന്നത്.
ഒട്ടേറെ പോരാട്ടങ്ങള്‍ക്കും മറ്റും വേദിയായ കൊളോസിയം റോമാ സാമ്രാജ്യത്തിന്റെ പതനത്തോടെ അവഗണിക്കപ്പെട്ടു. നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും മറ്റുമായി ആളുകള്‍ കല്ലുകള്‍ ഇളക്കിക്കൊണ്ട് പോയത് ഇതിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടി. റോമാ സംസ്‌കാരത്തിന്റെ പ്രതീകമായ കൊളോസിയത്തിന്റെ ഒരുഭാഗം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
https://www.facebook.com/Malayalivartha