പ്രവാസികളിലേക്ക് വാക്‌സിൻ എത്തുന്നു; ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു

യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കോവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ അധികൃതർ. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകുന്നതാണ്. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിടുകയുണ്ടായി. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ അബുദാബി മഫ്റഖിലെ വർക്കേഴ്സ് സിറ്റിയിൽ നടന്ന ക്യാംപെയ്നിൽ വിവിധ കമ്പനികളിലെ 8000 തൊഴിലാളികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയിരുന്നു. ഉച്ചയ്ക്കു മൂന്നിനു തുടങ്ങിയ ക്യാംപെയ്ൻ പുലർച്ചെ രണ്ടിന് അവസാനിച്ചതായാണ് റിപ്പോർട്ട്. വാക്സീൻ വിതരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിർദേശം കമ്പനികളെ അറിയിച്ചതോടെ ലേബർ ക്യാംപുകളിൽ സൗകര്യം ഒരുക്കുകയുണ്ടായി. ആസ്മ, രക്തസമ്മർദം തുടങ്ങിയ രോഗമുള്ള ഏതാനും പേർക്കൊഴികെ എല്ലാവർക്കും കുത്തിവയ്പ് നടത്തിയിരുന്നു. ഇവരുടെ രോഗം നിയന്ത്രണവിധേയമായ ശേഷം വാക്സീൻ നൽകുമെന്നും അറിയിച്ചു.
അതോടൊപ്പം തന്നെ അജ്മാൻ, ഫുജൈറ എമിറേറ്റുകളിൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമായി പ്രത്യേക വാക്സീൻ കേന്ദ്രം തുറക്കുകയുണ്ടായി. ഈ കേന്ദ്രം 2 ആഴ്ച പ്രവർത്തിക്കുന്നതാണ്. ഹമദ് ബിൻ അബ്ദുല്ല അൽ ഷർഖി സെക്കൻഡറി സ്കൂൾ ദിബ്ബ ഫുജൈറ, മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഫുജൈറയിലെ വാക്സീൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മുതൽ ഉച്ചയ്ക്കു 3 വരെയാണ് സേവനം ഉണ്ടാകുക. യുഎഇ യൂണിവേഴ്സിറ്റിയിൽ 11നു ആരംഭിച്ച വാക്സീൻ ക്യാംപെയ്ൻ ഇന്ന് അവസാനിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























