സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പിന്നാലെ ബഹ്റൈനിൽ ഒമിക്രോൺ കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് വിദേശത്തു നിന്നെത്തിയ യാത്രക്കാരനിലാണെന്ന് ആരോഗ്യമന്ത്രാലയം, ഐസൊലേഷനും മുൻകരുതൽ ക്വാറൻറീനും ഉൾപ്പെടെ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ഏർപ്പെടുത്തി

ഇനിവരുന്ന നാളുകൾ ഗൾഫ് രാഷ്ട്രങ്ങളിൽ നിർണായകമാകും. സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പിന്നാലെ ബഹ്റൈനിൽ ആദ്യമായി കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. വിദേശത്തു നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.
ഇതിനുപിന്നാലെ ഐസൊലേഷനും മുൻകരുതൽ ക്വാറൻറീനും ഉൾപ്പെടെ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗിക്ക് പ്രാദേശിക സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും ബഹ്റൈനിൽ എത്തിയശേഷം ഐസൊലേഷനിലായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയുടെയും സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്ക് അനുസൃതമായി, ആഗോള സാഹചര്യം നിരീക്ഷിക്കുന്നത് തുടരുന്നതാണ്.
അതേസമയം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കോവിഡ് വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് പുറപ്പെടുവിച്ച മുൻകരുതൽ ആരോഗ്യ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു.
അതോടപ്പം തന്നെ ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളും കൊണ്ട് കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ ഒമിക്രോണ്‍ വകഭേദം കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് വ്യക്തമാക്കി. 57 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വേഗം പടരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനനിരക്ക് ക്രമമായി ഉയരുന്നതായാണ് റിപ്പോർട്ടുകളെന്നും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനനിരക്കിലെ വര്‍ധന കണക്കാക്കി വരുന്നതേയുള്ളുവെന്നും ഡബ്യുഎച്ച്ഒ മേധാവി വ്യക്തമാക്കി. കോവിഡ് ഒരിക്കല്‍ ബാധിച്ചവരില്‍ വീണ്ടുമൊരു അണുബാധയ്ക്ക് ഒമിക്രോണ്‍ കാരണമാകാമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആദ്യ ഡേറ്റകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























