ഒമാനിൽ ന്യൂനമർദ്ദം; ജനുവരി ബുധനാഴ്‍ച വരെ നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, രാജ്യത്തിന്റെ വടക്കൻ ഗവര്‍ണറേറ്റുകളിലുള്ള ജനങ്ങള്‍ അസ്ഥിര കാലാവസ്ഥ മുന്നില്‍കണ്ടുള്ള ജാഗ്രത പുലർത്തണം
ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ചില പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം താറുമാറായിട്ടുണ്ട്. അതോടൊപ്പം തന്നെ ഒമാനിലെ ന്യൂനമർദ്ദം ജനുവരി ബുധനാഴ്‍ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
രാജ്യത്തിന്റെ വടക്കൻ ഗവര്‍ണറേറ്റുകളിലുള്ള ജനങ്ങള്‍ അസ്ഥിര കാലാവസ്ഥ മുന്നില്‍കണ്ടുള്ള ജാഗ്രത പുലർത്തണമെന്നാണ് നിര്‍ദേശം നൽകിയിട്ടുള്ളത്.
മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കറ്റ്, തെക്കൻ അൽ ശർഖിയ, വടക്കൻ ശർഖിയ, ബറേമി, ദാഖിലിയ, ദാഹിറ എന്നീ മേഖലകളിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഇവിടങ്ങളില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കടല്‍ പ്രക്ഷുബ്‍ധമാകാനും മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യത പ്രവചിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ തന്നെ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പ് നിർദ്ദേശത്തിൽ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്‍ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വെള്ളക്കെട്ടുകളിൽ പോകാൻ അനുവദിക്കരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha

























