കെറ്ററിംഗിൽ മലയാളി നഴ്സിനെയും, മക്കളെയും, കൊലപ്പെടുത്തിയ പ്രതി സാജു ആത്മഹത്യാ ശ്രമം നടത്തിയതായി റിപ്പോർട്ടുകൾ: ആശുപത്രിയിൽ എത്തിയ പ്രതിയെ പ്രത്യേക പരിചരണ മുറിയിൽ പൊലീസ് കാവലോടെ പ്രവേശിപ്പിച്ചു: മൂന്ന് കൊലകളുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ ചുമത്തിയത് അതീവ ഗുരുതര വകുപ്പുകൾ...

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സാജു ആത്മഹത്യാ ശ്രമം നടത്തിയതായി റിപ്പോർട്ടുകൾ. മിഡ്‌ലാൻഡ്‌സിലെ പ്രധാന പട്ടണത്തിൽ ജയിലിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്ന പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ അല്ലെന്നാണ് റിപ്പോർട്ടുകൾ. മുഖം മറച്ച് ജയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്നെത്തിയ പ്രതിയെ മലയാളികൾ അടക്കമുള്ള ജീവനക്കാർക്കും തിരിച്ചറിയാനായില്ല.
ഒടുവിൽ പരിശോധന സമയത്താണ് ഇയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയ പ്രതിയെ പ്രത്യേക പരിചരണ മുറിയിൽ പൊലീസ് കാവലോടെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്യമായി ആശുപത്രി ജീവനക്കാർ പോലും ഈ മുറിയിലേക്ക് പോകുന്നുമില്ല.
അത്യാസന്ന നിലയിൽ അല്ലാത്തതിനാൽ എത്രയും വേഗം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ഉണ്ടാകും എന്നാണ് വിവരം. ഈ ആശുപത്രിയിലെ ആ ആൻഡ് ഇ വിഭാഗത്തിൽ പ്രവേശിപ്പിച്ച പ്രതിയെ പിന്നീട് മെഡിക്കൽ ഷോർട് സ്റ്റേ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇക്കാരണത്താൽ തന്നെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
മിഡ്‌ലാൻസിലെ കെറ്ററിങ്ങിൽ ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ ചേലപാലൻ സാജുവിനെതിരെ നോർത്താംപ്ടൺ പൊലീസ് കുറ്റപത്രം തയാറാക്കി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നു കൊലയുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ അതീവ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. അതിനാൽ സാജുവിന് കേസിൽ പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് സൂചന.
പലപ്പോഴും ഇത്തരം കേസുകളിൽ 30 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കാത്തതിനാൽ 52 കാരനായ സജു ശേഷിച്ച കാലം ബ്രിട്ടനിലെ ജയിലിൽ തന്നെ കഴിയേണ്ടി വന്നേക്കാം എന്നാണ് നിയമ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. രണ്ടിൽ കൂടുതൽ കൊല ചെയ്യുന്നവർക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യവും 18 വയസിൽ താഴെയുള്ള രണ്ടു കുട്ടികളുടെ കൊലപാതകവും ചേർന്ന പൊലീസ് കുറ്റപത്രം സാജുവിനെ ഇനി പുറം ലോകം കാണിക്കില്ലെന്ന സൂചനയാണ് പ്രാഥമികമായി നൽകുന്നത്.
കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരൻ ജീവയും, നാല് വയസുകാരി ജാൻവിയും കെറ്ററിംഗിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ അഞ്ജുവിന്‍റെ ഭർത്താവ് സാജുവാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു മാസമായി അഞ്ജുവിന്‍റെ മാതാപിതാക്കൾ ശ്രമിച്ച് വരികയായിരുന്നു. പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അഞ്ജുവിന്‍റെ പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പ്രതികരിച്ചിരുന്നു.
ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha