ജനാധിപത്യത്തിലെ സേഫ്റ്റി വാല്‍വാണ് എതിരഭിപ്രായങ്ങള്‍; മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കരുത്; മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
തെലുങ്കുകവി വരവര റാവു ഉള്‍പ്പെടെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കരുതെന്ന് സുപ്രീം കോടതി. ഇവരെ വീട്ടുതടങ്കലില്‍ മാത്രമേ വയ്ക്കാവു എന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സെപ്റ്റംബര്‍ ആറു വരെ വീട്ടുതടങ്കലില്‍ വയ്ക്കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഹര്‍ജിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, ഗൗതം നാവ്ലാഖ, തെലുങ്കുകവി വരവര റാവു, അഭിഭാഷകന് അരുണ്‍ ഫെരേര, തൊഴിലാളി യൂണിയന് പ്രവര്‍ത്തക സുധ ഭരദ്വാജ് എന്നിവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
എതിരഭിപ്രായങ്ങളുടെ വായമൂടിക്കെട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് ഹര്‍ജിയില്‍ പറയുന്നു. ജനാധിപത്യത്തിലെ സേഫ്റ്റി വാല്‍വാണ് എതിരഭിപ്രായങ്ങള്‍. നിങ്ങള്‍ സേഫ്റ്റി വാല്‍വ് അനുവദിക്കുന്നില്ലെങ്കില്‍ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു.
https://www.facebook.com/Malayalivartha