ഇനി മരിച്ചവർ സംസാരിക്കും.. 3000 വർഷം പഴക്കമുള്ള 'മമ്മി'യെ സംസാരിപ്പിച്ച് ലണ്ടൻ ഗവേഷകർ.. ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്ര നിമിഷങ്ങൾക്ക്

ആത്മാക്കളെ കുറിച്ചുള്ള വിവരങ്ങളും പഠനവുമെല്ലാം എന്നും മനുഷ്യരെ ആവേശം കൊള്ളിക്കുന്നവയാണ്. മരണാന്തരം മനുഷ്യന്റെ ആത്മാവ് എവിടേക്ക് പോകുന്നു അഥവാ ജീവചൈതന്യം എങ്ങനെ അപ്രത്യക്ഷമാകുന്നു എന്നറിയാൻ മനുഷ്യർക്ക് പണ്ട് മുതലേ ആകാംഷയുണ്ട്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന പഠന ശാഖയും ലോകത്തിലെ നിരവധി മനുഷ്യർ പരീക്ഷിക്കുന്നുണ്ട്. ബാധയൊഴിപ്പിക്കലും മന്ത്രവാദവുമൊക്കെ കേരളത്തിൽ പണ്ട് മുതൽക്കേ തന്നെ പ്രചാരത്തിലുള്ള, ആത്മാക്കളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ്. എന്നാൽ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായി അനേകം വർഷം മുൻപ് മരിച്ച വ്യക്തിയുടെ ശവശരീരത്തെ സംസാരിപ്പിച്ചിരിക്കുകയാണ് കുറച്ച് ഗവേഷകർ. റോയൽ ഹോളോവേയിലെയും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെയും, യോർക്ക് യൂണിവേഴ്സിറ്റിയിലെയും, ലീഡ്സ് മ്യൂസിയത്തിലെയും ഗവേഷകരാണ് ലോകത്തെ ഞെട്ടിച്ച ഈ പഠനം നടത്തിയത്.
മരിച്ചവരുമായി സംസാരിക്കാൻ വിവിധ പ്രയോഗങ്ങൾ മനുഷ്യർ പരീക്ഷിക്കാറുണ്ട്. അതിനു സഹായിക്കുന്ന ആളുകളും ഇന്ന് സമൂഹത്തിൽ ധാരാളമാണ്. എന്നാൽ ഇവരൊക്കെ തട്ടിപ്പുകാരായി മാറുന്ന വാർത്തകളാണ് പിന്നീട് പുറത്തു വരുന്നത് . എന്നാൽ ഇനി ഇവരുടെ സഹായമില്ലാതെ തന്നെ മരിച്ചുപോയവരുമായി സംസാരിക്കാനുള്ള അവസരം ഉണ്ടാകുമെന്നാണ് പുതിയ പരീക്ഷണത്തിലൂടെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 3,000 വർഷം പഴക്കമുള്ള ഒരു പുരോഹിതൻ്റെ മമ്മിയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകർ സംസാരിപ്പിക്കുകയായിരുന്നു. മമ്മി സ്വരാക്ഷരസമാനമായ ഒരൊറ്റ ശബ്‌ദം പുറപ്പെടുവിച്ചു എന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. 1099 -നും 1069 -നും ഇടയിൽ ഫറവോൻ റാംസെസ് രണ്ടാമൻ്റെ കാലത്തെ ഒരു പുരോഹിതന്റെ മമ്മിയായിരുന്നു സംസാരിച്ചത്. നെസ്യാമുൻ എന്നായിരുന്നു പുരോഹിതന്റെ പേര്.
നെസ്യാമുൻ്റെ ഭൗതികാവശിഷ്ടങ്ങൾ വളരെ നന്നായി തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലീഡ്സ് ജനറൽ ഇൻഫർമറിയിലെ സിടി സ്കാനർ ഉപയോഗിച്ച് തൊണ്ട, വായ, വോക്കൽ കോഡ് എന്നിവ ഗവേഷകർ മാപ്പ് ചെയ്യുകയായിരുന്നു. തുടർന്ന് ശാസ്ത്രജ്ഞർ അതൊരു 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു. ലീഡ്‌സ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന പുരോഹിതൻ്റെ മമ്മിയെ 1824 -ലാണ് ആദ്യമായി പുറത്തെടുക്കുന്നത്. റോയൽ ഹോളോവേയിലെയും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെയും, യോർക്ക് യൂണിവേഴ്സിറ്റിയിലെയും, ലീഡ്സ് മ്യൂസിയത്തിലെയും അതിവിദഗ്ദ്ധരായ ഗവേഷകർ ചേർന്നാണ് ഈ വളരെ വിചിത്രവും എന്നാൽ ചരിത്രപരവുമായ പഠനം നടത്തിയത്.
ശബ്‌ദം പുനഃസൃഷ്‌ടിക്കാൻ ആദ്യം പുരോഹിതനെ ഗവേഷകർ സിടി സ്‍കാനറിലൂടെ കടത്തിവിട്ടു. മമ്മിയുടെ സ്വര ലഘുരേഖയുടെ വിശദമായ സ്കാനുകളും തുടക്കത്തിൽ നടത്തിയിരുന്നു. ശബ്‌ദം നഷ്‌ടപ്പെട്ട ആളുകൾക്ക് സംസാരശേഷി തിരികെ നൽകുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ശ്വാസനാളത്തിന് സമാനമായ ഉപകരണമാണ് ഇവിടെ മമ്മിക്ക് ശബ്‍ദം നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
പുരാതന ഈജിപ്തുകാർ ആധുനിക മനുഷ്യരെക്കാൾ വളരെ പൊക്കം കുറഞ്ഞവരായിരുന്നു. ശരാശരി 5 അടി മുതൽ 5 അടി 4 ഇഞ്ച് വരെയായിരുന്നു ഇവരുടെ ഉയരം. മമ്മിയുടെ നാക്ക് പുറത്തേക്കിട്ടിരിക്കുന്നതിൽ നിന്നും പുരോഹിതന്റെ മരണത്തിന്റെ സൂചനകൾ കണ്ടെത്താമെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. അമ്പതുകളുടെ മധ്യത്തിൽ വിഷം കഴിച്ചോ അല്ലെങ്കിൽ നാക്കിൽ തേനീച്ചയുടെ കുത്തെറ്റോ ആകാം പുരോഹിതൻ മരിച്ചതെന്നാണ് ഗവേഷകരുടെ അനുമാനം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മമ്മി, ശബ്ദങ്ങൾക്ക് പുറമെ പൂർണ്ണ വാചകങ്ങൾ പറയാൻ തുടങ്ങുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്. മൃദുവായ ടിഷ്യു സംരക്ഷണവും സാങ്കേതികവിദ്യയിലെ പുതിയ സംഭവവികാസങ്ങളും ആണ് വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ വ്യക്തിയുടെ മമ്മിയെ കൊണ്ട് സംസാരിപ്പിക്കാൻ സഹായിച്ചതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു. മരിച്ച വ്യക്തികളുടെ മൃതദേഹത്തെ സംസാരിപ്പിക്കുന്നതിലൂടെ ലോകത്ത് വളരെയധികം സംഭവ വികാസങ്ങൾക്ക് വഴിതെളിയുമെന്നത് നിസംശയം പറയാം.
https://www.facebook.com/Malayalivartha