യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍

ഓണ്‍ലൈന്‍ ആപ്പുകളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘത്തിലെ 10 പേര്‍ പിടിയില്‍. മറ്റു 3 പേര്‍ക്കെതിരെ കേസെടുത്തു. സാക്കിനാക്കയിലെ ബാര്‍ ഹോട്ടലായ ഹെവന്‍ ടെറസ് 72 കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പിലാണു നടപടി. സമാനരീതിയില്‍ നഗരത്തില്‍ തട്ടിപ്പു നടത്തുന്ന സംഘമുണ്ടെന്നും ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി. യുവാക്കളെ വലവീശി പിടിച്ച് എത്തിക്കുന്ന യുവതികള്‍ക്കു കമ്മിഷനാണ് ഹോട്ടലുകള്‍ നല്‍കുന്നത്. മലാഡ്, കാന്തിവ്‌ലി, ബോറിവ്‌ലി, സാക്കിനാക്ക, മീരാഭയന്ദര്‍, താനെ, നവിമുംബൈ മേഖലകളില്‍ സമാന തട്ടിപ്പുകളുണ്ട്.
ഹോട്ടലിലെ ജീവനക്കാരും ബൗണ്‍സേഴ്‌സും സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. രഹസ്യ ക്യാമറ ഓപ്പറേഷനിലൂടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഹോട്ടല്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞു ഖാര്‍ സ്വദേശിയായ യുവാവിനെ ഉപയോഗിച്ചു തട്ടിപ്പുകാരെ കുടുക്കുകയായിരുന്നു.
ടിന്‍ഡര്‍, 3 ഫണ്‍, ബംപിള്‍ തുടങ്ങി ആപ്പുകളിലൂടെ സംഘത്തിലെ സ്ത്രീകള്‍ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് റെസ്‌റ്റോ ബാറിലെത്തിച്ചു വില കൂടിയ ഭക്ഷണവും മദ്യവും കഴിച്ച ശേഷം ബില്‍ വരുന്നതിനു തൊട്ട് മുന്‍പു മുങ്ങും. 15,000 രൂപ മുതല്‍ 40,000 രൂപ വരെയാണു പലപ്പോഴും ബില്ലായി വരുന്നത്. യഥാര്‍ഥ ബില്‍ത്തുകയുടെ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ഹോട്ടല്‍ അധികൃതരുമായി ചേര്‍ന്ന് ഇത്തരത്തില്‍ പലരില്‍ നിന്നായി വന്‍തുക തട്ടിയെടുക്കുകയാണു സംഘത്തിന്റെ രീതി.
ഖാര്‍ സ്വദേശിയായ യുവാവിനെ ബാറിലെത്തിച്ച ശേഷം വില കൂടിയ പ്രീമിയം മദ്യവും വിഭവങ്ങളും ഓര്‍ഡര്‍ ചെയ്യുകയുമായിരുന്നു. ക്ഷണിച്ചുവരുത്തിയ യുവതി മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊലീസെത്തി പിടികൂടി. തുടര്‍ന്നു ചോദ്യം ചെയ്തതോടെ മറ്റുള്ളവരെക്കുറിച്ചും വിവരം നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























