അപ്പോൾ ആ കാര്യത്തിൽ ഇതൊന്നും നിസ്സാരമാക്കരുത്! കടലുകളിൽ നിന്നും വരുന്നത് ദു:സൂചനകൾ; ആശങ്കയിലാഴ്ത്തുന്ന പഠന വിവരം

മനുഷ്യ കുലത്തെ തന്നെ ആശങ്കയിൽ നിർത്തുന്ന ഒരു പഠന വിവരം. ആഗോളതാപനം വിതയ്ക്കുന്ന നാശനഷ്ടങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ മുൾമുനയിൽ നിർത്തുന്ന സാഹചര്യമാണ് ഉള്ളത്. ആ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത് . സമുദ്രജല പ്രവാഹങ്ങള്‍ ഒരുമിച്ചാകുന്ന സമയം ഉണ്ടാവുന്ന സമുദ്ര ചംക്രമണത്തിന് (ocean circulation) ആഗോളതാപനം കാരണം വേഗതയേറുകയാണെന്ന് പഠനം പറയുന്നു . രണ്ടു ദശകങ്ങളായി സമുദ്രചംക്രമണത്തിന്റെ ആഗോള ശരാശരി വേഗം വര്‍ദ്ധിക്കുന്നതായി 'സയന്‍സ് അഡ്വാന്‍സസ്' പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമായി പറയുന്നു . ഡോ. ഷിജിയാന്‍ ഹു നേതൃത്വം നല്‍കിയ പഠനം കടലില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് അടയാളപ്പെടുത്തുന്നത്.
ഹരിതഗൃഹ വാതകങ്ങള്‍ മൂലം നമ്മുടെ ഭൂമി ചുട്ടുപഴുക്കുകയും സര്‍വ്വ മേഖലകളിലും പ്രത്യാഘാതമുണ്ടാക്കുന്ന വിധം കാലാവസ്ഥ മാറി കൊണ്ടിരിക്കുകയുമാണ്. നമ്മുടെ ജീവിതസാഹചര്യങ്ങള്‍ മുമ്പത്തേക്കാള്‍ ദുസ്സഹമായേക്കാമെന്നാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് . ഈ പ്രത്യാഘാതങ്ങളുടെ പുതിയ തലങ്ങള്‍ വിശകലനം ചെയ്യുന്ന പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്താണ് ജല പ്രവാഹങ്ങൾ എന്ന് നോക്കാം. സമുദ്ര ഉപരിതലത്തില്‍ ജലം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ദിശയിലേക്ക് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയാണ്. സമുദ്ര ജലത്തിന്റെ ഇങ്ങനെയുള്ള ചലനങ്ങളെയാണ് സമുദ്രജല പ്രവാഹങ്ങള്‍ എന്ന് വിളിക്കുന്നത്. സമുദ്രജല പ്രവാഹങ്ങള്‍ ഉണ്ടാകുവാൻ പല കാരണങ്ങൾ ഉണ്ട് . ജലത്തിന്റെ താപനിലയിലുണ്ടാവുന്ന വ്യത്യാസം, സമുദ്രത്തിലെ വിവിധഭാഗങ്ങളിലെ ഉപ്പിന്റെ അംശത്തിലുള്ള വ്യത്യാസങ്ങള്‍, കാറ്റിന്റെ ദിശ, വേഗത, ഗുരുത്വാകര്‍ഷണം, സൂര്യനില്‍ നിന്നുവരുന്ന ഊര്‍ജ്ജത്തിന്റെ വ്യതിയാനങ്ങള്‍ എന്നിവയൊക്കെയാണ് സമുദ്രജല പ്രവാഹമുണ്ടാകാന്‍ കാരണം.
ഈ സമുദ്രജല പ്രവാഹങ്ങള്‍ക്ക് ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുണ്ട്. ഈ പ്രവാഹങ്ങളാണ് താപത്തെയും ന്യൂട്രിയന്റ്‌സിനെയുമൊക്കെ സമുദ്രത്തില്‍ പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നതും വ്യാപിപ്പിക്കുന്നതും. ഈ സമുദ്രജല പ്രവാഹങ്ങള്‍ എല്ലാം ഒരുമിച്ചാകുമ്പോളാണ് സമുദ്ര ചംക്രമണം (ocean circulation) ഉണ്ടാകുന്നത്. അങ്ങനെ ഊര്‍ജ്ജം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്നു. ഉഷ്ണമേഖലയില്‍ നിന്നും ജലം കാറ്റിന്റെയും മറ്റും ശക്തിയാല്‍ ധ്രുവങ്ങളിലേക്ക് പോകുകയും, ക്രമേണ താപം നഷ്ടപ്പെട്ട ഈ ജലപ്രവാഹം തണുത്ത് സാന്ദ്രത കൂടി ക്രമേണ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുക.
വ്യക്തത വന്നുവല്ലോ ? ഇനി കാര്യത്തിലേക്കു കടക്കാം. രണ്ട് ദശകങ്ങളായി ആഗോള ശരാശരി സമുദ്രചംക്രമണത്തില്‍ ശക്തമായ വര്‍ദ്ധന സംഭവിച്ചതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സമുദ്ര ജല പ്രവാഹത്തിന്റെ ഗതികോര്‍ജ്ജത്തില്‍ (Kinetic energy) ഏകദേശം 15 ശതമാനം വര്‍ദ്ധന ഉണ്ടായതതായി പഠനത്തിൽ പറയുന്നു . ഉഷ്ണമേഖലാ സമുദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ വര്‍ദ്ധന വളരെ ആഴത്തില്‍ വരെ എത്താവുന്നതാണ്. 1990 -കള്‍ മുതല്‍ സമുദ്രോപരിതല കാറ്റിന്റെ തീവ്രത വര്‍ദ്ധിച്ചതാകാം ഒരുപക്ഷെ ഇതിനു കാരണമെന്നും പറയുന്നു . ഈ വ്യതിയാനം നമ്മുടെ അന്തരീക്ഷവസ്ഥയെ മാറ്റിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല . ഒപ്പം, സമുദ്രത്തില്‍ ശേഖരിക്കപ്പെട്ട താപത്തിന്റെ അളവിലും വിതരണത്തിലുമെല്ലാം വലിയ തോതിലുള്ള മാറ്റം ഉണ്ടാകുകയും ചെയ്യും . ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് ക്രമേണ കാറ്റിന്റെ ആഗോള ശരാശരി കൂട്ടുന്നതിനും അതുവഴി സമുദ്രചംക്രമണത്തിന്റെ ആഗോള ശരാശരി വര്‍ദ്ധിപ്പിക്കാനും കാരണമായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























