അസാധാരണ കാലാവസ്ഥ; യുഎഇ കൊടും ശൈത്യത്തിലേക്ക്;കനത്ത മൂടല്‍മഞ്ഞിന് സാധ്യത അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ഉടനീളം കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 11 മണി വരെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. അബുദാബിയില്‍ അല്‍ ഷവാമീഖ്, അല്‍ ഷംഖ, ബനിയാസ്, അല്‍ റഹ്‍ബ, ശഖബൂത്ത് സിറ്റി, അല്‍ ശഹാമ, അല്‍ റീഫ്, അല്‍ ഫലാഹ് എന്നിവിടങ്ങളിലൊക്കെ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയിലെ നിരവധി റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗത 80 കിലോമീറ്ററായി പരമിതപ്പെടുത്തി.
രാത്രിയിലും കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കും. പരമാവധി 35 കിലോമീറ്റവര്‍ വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ഈ വാരാന്ത്യത്തിലും അടുത്തയാഴ്‍ചയും യുഎഇയില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ജനുവരി 15 മുതല്‍ 19 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. യുഎഇക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളിലും മഴയ്‍ക്ക് സാധ്യതയുണ്ട്. യുഎഇയിൽ നാളെ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറു രൂപമെടുക്കുന്ന ന്യൂനമർദത്തെത്തുടർന്നാകും മഴ. ഒപ്പം കിഴക്കു പടിഞ്ഞാറു നിന്നുള്ള തണുത്ത കാറ്റ് ശനിയാഴ്ച രാവിലെ അന്തരീക്ഷത്തിൽ പൊടിപടലം നിറയ്ക്കും. ഉച്ചയ്ക്കുശേഷം ആകാശം മേഘാവൃതമാകും.
വടക്കുകിഴക്കൻ ദ്വീപുകളിലും കടലിലും മഴ പെയ്തേക്കും. ഞായർ മുതൽ ബുധൻ വരെ വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പുതുവർഷത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് യുഎഇയുടെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്. വീണ്ടും മഴയെത്തുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കും. റോഡുകളിലെ മഴവെള്ളം യുദ്ധകാലാടിസ്ഥാനത്തിൽ പമ്പു ചെയ്തു നീക്കുകയാണ് പതിവ്. രാജ്യം കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് ഉണ്ടായിരുന്നു . വരും ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യു എ ഇ യില്‍ ദിനപ്രതി തണുപ്പിന്റെ കാഠിന്യം വര്‍ദ്ധിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കുറഞ്ഞ താപ നില 10 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു. അല്‍ ഐന്‍ ജബല്‍ ജെയ്ഷ് പര്‍വത നിരകളിലാണ് കുറഞ്ഞ താപ നില റിപ്പോര്‍ട് ചെയ്തത്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഞ്ഞുള്ള സമയങ്ങളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്ക് അമിത വേഗത പാടില്ല. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കണമെന്നും അബുദാബിയിലെ നിരത്തുകളില്‍ മഞ്ഞുള്ള സമയങ്ങളില്‍ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോ മീറ്ററാക്കി കുറച്ചിട്ടുണ്ടെന്നും മഞ്ഞുള്ള സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























