ചെങ്കടലിൽ കെണിയൊരുക്കി ഹൂതികൾ:- പൊറുതിമുട്ടിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി...

യമനിലെ ഹൂതികളുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, ലോകത്തെ വൻകിട ഷിപ്പിങ് കമ്പനികളായ മേഴ്സ്കും ഹെപക് ലോയ്ഡും യാത്ര റദ്ദാക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള വിപണിയിലും ഗൾഫിൽ പ്രത്യേകിച്ചും പിന്മാറ്റം പ്രതികൂലമായി പ്രതിഫലിക്കും. ഷിപ്പിങ് ലൈനുകളിലെ ഇൻഷൂറൻസ് വർധനയും ഇറക്കുമതി വൈകുന്നതും വിലക്കയറ്റത്തിനും കാരണമാകും. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകളെ ലക്ഷ്യം വെക്കുന്നത്.
ഹൂതികളുടെ ആക്രമണം ഭയന്ന് ഹെപക് ലോയ്ഡ് തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി യാത്ര റദ്ദാക്കിയിരിക്കുന്നത്. എന്നാൽ മേഴ്സ്ക് എന്ന ലോകത്തിലെ പ്രസിദ്ധ ചരക്കു നീക്ക കമ്പനി ഇനിയൊരു അറിയിപ്പുണ്ടാകും വരെ ചെങ്കടൽ വഴി സർവീസ് നിർത്തുന്നതായാണ് പ്രഖ്യാപിച്ചത്. എണ്ണ, ഇന്ധന കയറ്റുമതിക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണ് ചെങ്കടൽ. അതിൽ യമന്റേയും ജിബൂട്ടിയുടേയും അതിരിനിടയിലൂടെയുളള കടലിടുക്കാണ് ബാബ് അൽ മന്ദബ്.
32 km വീതിയുള്ള ഈ കടലിടുക്ക് വഴിയാണ് അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള കപ്പലുകൾ ചെങ്കടലിലേക്ക് പ്രവേശിക്കുക. ഇവിടെ നിന്നും നേരിട്ട് ഇസ്രയേലിലേക്ക് എത്താം. ഈജിപ്തിലെ സൂയിസ് കനാൽ വഴി ഏഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള കുറുക്കുവഴിയും ഇതാണ്. പ്രതിവർഷം 17,000 കപ്പലുകൾ, അഥവാ ആഗോള വ്യാപാരത്തിന്റെ 10% ഇതുവഴി കടന്നുപോകുന്നു. ഈ വഴിയില്ലെങ്കിൽ യൂറോപ്പിലെത്താൻ കപ്പലുകൾക്ക് ആഴ്ചകൾ അധികമെടുക്കും. ദക്ഷിണാഫ്രിക്ക വഴി ചുറ്റിക്കറങ്ങിപ്പോകണം.
ഗാസയ്ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും ലഭിച്ചില്ലെങ്കില്‍ ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന ഏത്, രാജ്യക്കാരുടെ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വക്താവ് യഹ്യ സാരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നായിരുന്നു ഭീഷണി. ഇസ്രായേല്‍ തുറമുഖങ്ങളുമായി ഇടപെടുന്നതിനെതിരെ എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ക്കും, മുന്നറിയിപ്പ് നൽകുകയായിരുന്നു.
ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യവും മുന്നറിപ്പ് നല്‍കുന്നുണ്ട്.
ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്പ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികള്‍ പിടികൂടിയത്. വിനോദ ആവശ്യങ്ങള്‍ക്കായി ആ കപ്പല്‍ ഉപയോഗിച്ചതിന്റെ വീഡിയോ പുറത്തുവന്നു. യമനിലെ വിമത സംഘമാണ് ഹൂതികള്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്.
https://www.facebook.com/Malayalivartha























