വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...
വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം. ജബാലിയയിലെ പ്രധാന മാര്‍ക്കറ്റില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ബോംബാക്രമണത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. വടക്കന്‍ നഗരമായ ബെയ്ത് ഹാനൂനിലെ കെട്ടിടങ്ങളും ഫാക്ടറികളും ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തി. ജബാലിയയിലെ ഉള്‍മേഖലകളിലേക്കു പ്രവേശിച്ച ഇസ്രയേല്‍ ടാങ്കുകളെ, ടാങ്ക്വേധ റോക്കറ്റുകള്‍ ഉപയോഗിച്ചു ഹമാസ് ചെറുത്തു. റഫയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. റഫയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നശിപ്പിച്ചെന്നും അവകാശപ്പെട്ടു.
ജബാലിയയില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതായി വിവരമുണ്ടെങ്കിലും വൈദ്യസഹായവുമായി അവിടേക്ക് എത്താനാകാത്ത സ്ഥിതിയാണെന്ന് സന്നദ്ധസംഘടനകള്‍ പറഞ്ഞു. ഹേഗിലെ യുഎന്‍ ലോകകോടതിയില്‍ (ഐസിജെ) ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ പരാതിയില്‍ 2 ദിവസത്തെ വാദം ആരംഭിച്ചു. റഫ ആക്രമിക്കുന്നത് തടയണമെന്നാണ് ആവശ്യം. നാലാം വട്ടമാണു ഗാസ വിഷയത്തില്‍ ദക്ഷിണാഫ്രിക്ക ലോകകോടതിയെ സമീപിക്കുന്നത്. അതിനിടെ, ഗാസ മുനമ്പിലെ താല്‍ക്കാലിക തുറമുഖത്തിന്റെ പണി യുഎസ് സേന പൂര്‍ത്തിയാക്കി. കടല്‍മാര്‍ഗം സഹായവുമായെത്തുന്ന കപ്പലുകള്‍ക്ക് ഇവിടെ അടുക്കാനാകും.
തെക്കന്‍ ഗാസയില്‍ റഫയിലെ 3 മേഖലകളിലും വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാംപ് മേഖലയിലും ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മില്‍ തുടരുന്ന രൂക്ഷയുദ്ധത്തില്‍ ഇരുപക്ഷത്തും വന്‍ ആള്‍നാശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ ശേഷിക്കുന്ന 4 ബറ്റാലിയനുകളെ ഇല്ലാതാക്കും വരെ റഫയില്‍ സൈനികനടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
ഏറ്റുമുട്ടല്‍ കനത്തതോടെ ഒരാഴ്ചയ്ക്കിടെ റഫയില്‍നിന്ന് 4.5 ലക്ഷം പലസ്തീന്‍കാരും വടക്കന്‍ ഗാസയില്‍നിന്ന് ഒരുലക്ഷം പേരും പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ഏജന്‍സികള്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ ഗാസയില്‍ 82 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. സമീപ ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.
രൂക്ഷമായ ആക്രമണം നടക്കുന്ന ജബാലിയയില്‍ ഒട്ടേറെ വീടുകള്‍ ഇസ്രയേല്‍ ബോംബിട്ടുനിരത്തി. യുഎന്‍ പലസ്തീന്‍ റിലീഫ് ഏജന്‍സിയുടെ (യുഎന്‍ആര്‍ഡബ്ല്യുഎ) റഫയിലെ കേന്ദ്രത്തില്‍ ആയുധധാരികളെ കണ്ടെന്ന വിഡിയോ പുറത്തുവിട്ട ഇസ്രയേല്‍, സംഭവത്തില്‍ യുഎന്നിനോടു വിശദീകരണം ആവശ്യപ്പെട്ടു. യുഎന്‍ ഹമാസുമായി സഹകരിക്കുന്നുവെന്നും അവരെ സംരക്ഷിക്കുന്നെന്നും ഇസ്രയേലിന്റെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആരോപിച്ചു.
റഫ ആക്രമണം തുടങ്ങിയതോടെ കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ചിരിക്കുകയാണ് ലബനാനിലെ ഹിസ്ബുല്ല. നേരത്തെ റോക്കറ്റാക്രമണമായിരുന്നു കാര്യമായി നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് കൃത്യതയുള്ള ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങള്‍ തടുക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല.
ലബനാനില്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുന്നുണ്ടെങ്കിലും ഹിസ്ബുല്ലയുമായി പൂര്‍ണ യുദ്ധത്തിലേക്ക് പോവാതിരിക്കാന്‍ ഇസ്രായേലിന് താല്‍പര്യമില്ല. ഹിസ്ബുല്ലയുമായി നീണ്ടുനില്‍ക്കുന്ന, ഇരുപക്ഷത്തിനും കനത്ത നാശം സംഭവിക്കുന്ന രൂക്ഷയുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗസ്സയില്‍ തന്നെ യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെയും ഹമാസില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടും സമ്മര്‍ദ്ദത്തിലാണ് ഇസ്രായേല്‍. ഒരേസമയം,
ഒന്നിലധികം യുദ്ധമുഖം തുറക്കാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല. 2006ല്‍ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടി തിരിച്ചടി നേരിട്ട അനുഭവവുമുണ്ട്. അന്നത്തേതിനേക്കാര്‍ മികച്ച സന്നാഹം ഇപ്പോള്‍ ഹിസ്ബുല്ലക്കുണ്ട്. ഇറാന്റെ പിന്തുണ അവര്‍ക്ക് കരുത്ത് നല്‍കുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിന്റെ ആത്മവിശ്വാസക്കുറവായി വിലയിരുത്തുന്നുണ്ട്. അതിനിടെ പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കാനുള്ള യുഎന്‍ പൊതുസഭയുടെ തീരുമാനവും ഇസ്രയേല്‍ തള്ളി. പലസ്തീന്‍ അനുകൂല വിദ്യാര്‍ഥിസമരം വ്യാപിച്ചതോടെ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു.
https://www.facebook.com/Malayalivartha