ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?
ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. നിരവധി ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ച പേജറുകൾ ആണ് ചൊവ്വാഴ്ച ലെബനനിലും സിറിയയിലും ഒരേസമയം പൊട്ടിത്തെറിച്ചത്. ലെബനനിലേതിന് സമാനമായി പേജറുകള്‍ ചൂടായി സ്‌ഫോടനം നടക്കുകയായിരുന്നു. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രണ്ടിടങ്ങളില്‍ ഒരുപോലെ പേജര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുള്ളയും ലെബനനും ആരോപിച്ചു. ഇസ്രയേല്‍-ഗസ്സ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്.
ഗ്രൂപ്പിൻ്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഇസ്രായേൽ ഉപയോഗിക്കാമെന്ന് അവകാശപ്പെടുന്ന സെൽ ഫോണുകൾ കൈവശം വയ്ക്കരുതെന്ന് സംഘടനാ നേതാവ് ഹസൻ നസ്‌റല്ല മുമ്പ് അംഗങ്ങളോട് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് പേജറുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് റിപ്പോർട്ട്. പേജർ ആക്രമണത്തിൽ പൊട്ടിത്തെറിച്ച ഉപകരണങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ ഗ്രൂപ്പിൽ നിന്നുള്ളതാണെന്ന് ഹിസ്ബുള്ളയിലെ ഒരു ഉദ്യോഗസ്ഥൻ എപിയോട് പറഞ്ഞു. എന്നാൽ ബ്രാൻഡിനെയോ വിതരണക്കാരെയോ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച് ഒരു മണിക്കൂറോളം നീണ്ടു സ്‌ഫോടനങ്ങളില്‍ നൂറുകണക്കിനു പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്താനുപയോഗിച്ചിരുന്ന പേജറുകളില്‍ അവരറിയാതെ സ്‌ഫോടകവസ്തുക്കള്‍ വച്ച് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത് എന്നാണ് വിലയിരുത്തലുകള്‍.
1996 ജനുവരി 5ന് സമാനമായ രീതിയിൽ ഇസ്രയേൽ ഹമാസിന് വേണ്ടി സ്ഫോടകവസ്തുക്കൾ തയ്യാറാക്കി നൽകിയിരുന്ന യഹിയ അയ്യാഷിനെ കൊലചെയ്തിരുന്നു. നൂറോളം ഇസ്രേലികൾ കൊല്ലപ്പെടാൻ കാരണക്കാരാനെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് അയ്യാഷ്. അയ്യാഷിന് തന്റെ അച്ഛന്റെ ഫോൺ കോൾ വരികയാണ്. സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് മരിക്കുന്നു. ഇസ്രയേലി സെക്യൂരിറ്റി ഏജൻസികൾ അയ്യാഷ്പോലുമറിയാതെ ഫോണിൽ സ്ഫോടകവസ്തുക്കൾ വയ്ക്കുകയായിരുന്നു. സമാനമായ രീതിയിലാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ലെബനണിലെയും സിറിയയിലെ ചില ഭാഗങ്ങളിലെയും നൂറുകണക്കിന് പേജിറുകൾ പൊട്ടിത്തെറിച്ചത്. ഇസ്രായേൽ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സമാനമായ രീതിയിൽ നിരവധി ആക്രമണങ്ങൾ നടത്തിയതിന്റെ ചരിത്രമുള്ളതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിൽ ഇസ്രയേലിനു മുകളിൽ തന്നെയാണ്.
എന്നാൽ ഈ അക്രമം സൂചിപ്പിക്കുന്നത് ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ച ആയിരക്കണക്കിന് പേജിറുകളിലേക്ക് സ്‌ഫോടക വസ്തുക്കൾ വയ്ക്കാനും ഡിവൈസ് ഹാക്ക് ചെയ്ത് ബാറ്ററി അധികമായി ചൂടാക്കി സ്ഫോടനം സാധ്യമായത് ഈ പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറിയതിലൂടെയാണ്. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധൻ ദിമിത്രി അൽപ്പറോവിച്ച് പറയുന്നതനുസരിച്ച് ചരിത്രത്തിൽ ഏറ്റവും വലിയ സപ്ലൈ ചെയിൻ ആക്രമണങ്ങളിൽ ഒന്നാകും ഇന്നലെ ലെബനണിൽ നടന്നത് എന്നാണ്. ഹിസ്ബുള്ള പുതുതായി വാങ്ങിയ പേജിറുകളിൽ ഇസ്രയേൽ സ്ഫോടകവസ്തുക്കൾ വച്ചതായാണ് ഇപ്പോൾ സംശയിക്കുന്നത്. ഒരു ടെക്സ്റ്റ് മെസ്സേജിലൂടെ സ്‌ഫോടകവസ്‌തു ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഹിസ്ബുള്ള പ്രവർത്തകർ തന്നെ പറയുന്നതനുസരിച്ച് സ്ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പായി പേജിറുകളിൽ നിന്നും ഒരു ബീപ്പ് ശബ്ദം ഉണ്ടായിരുന്നു.
ആക്രമണത്തിൻ്റെ സ്വഭാവത്തിൽ നിന്നും മൊസാദിന്റെ ആസൂത്രണമാണിതെന്ന നിഗമനത്തിലേക്കെത്താമെന്നും എന്നാൽ ഈ അക്രമണം നിലവിലെ സ്ഥിതിയിൽ മാറ്റമൊന്നും വരുത്തില്ല എന്നും വിദഗ്ധർ പറയുന്നു. ഹിസ്ബുള്ളയെ തങ്ങളുടെ അതിർത്തിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായാണ് ഇസ്രയേൽ കണക്കാക്കുന്നത്. ഇവർക്കിടയിൽ നിരവധിതവണ യുദ്ധങ്ങളുണ്ടായിട്ടുമുണ്ട്. സ്‌ഫോടനത്തിൽ മരണപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്ത മിക്കവാറും ആളുകൾ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടവരാണ്. കടകളിൽ നിൽക്കുമ്പോഴും ബൈക്കിൽ സഞ്ചരിക്കുമ്പോഴും വീട്ടിലോ ബാർബർഷോപ്പിലോ നിൽക്കുമ്പോഴുമാണ് ഇവരുടെ പേജറുകൾ പൊട്ടിത്തെറിച്ചത്.
https://www.facebook.com/Malayalivartha