വീണ്ടും കമ്മ്യൂണിസ്റ്റ് യുദ്ധകാണ്ഡം; ചന്ദ്രശേഖരന് പിന്നാലെ വനം മന്ത്രി രാജുവും മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി; വിനയായത് പാട്ടക്കരാർ കഴിഞ്ഞ തോട്ടങ്ങൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്

റവന്യുമന്ത്രിക്ക് പിന്നാലെ വനം മന്ത്രിയും മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി. നെല്ലിയാമ്പതിയിലെ പാട്ടക്കരാർ കഴിഞ്ഞ തോട്ടങ്ങൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തതാണ് വനം മന്ത്രിക്ക് വിനയായത്. നെല്ലിയാമ്പതിയിൽ പാട്ടക്കരാർ ലംഘിച്ച എസ്റ്റേറ്റുകൾ തിരിച്ചു പിടിക്കണമെന്ന വനം മന്ത്രിയുടെ തീരുമാനം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചില്ലെന്നതാണ് പുതിയ വിവാദം. സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം മന്ത്രി സ്വന്തം ഫെയ്സ് ബുക്കിലിട്ടതും വിവാദമായി.
ഏറെ നാളത്തെ നിശബ്ദതക്ക് ശേഷം കാനം രാജേന്ദ്രനും പിണറായി വിജയനും ഇക്കാര്യത്തിൽ നേർക്കുനേരെത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല. കാരണം സി പി എമ്മിനെ മാത്രം 'കാണുന്ന' നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഉടമകൾക്കെതിരെ കനം പൂർണമായും തിരിഞ്ഞിരിക്കുകയാണ്. ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന കാലത്ത് കാലാവധി കഴിഞ്ഞ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്നത് വിജയിച്ചില്ല. തുടർന്ന് അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ തോട്ടം തിരിച്ചെടുക്കുന്നതിനോട് യോജിച്ചതേയില്ല.
മുഖ്യമന്ത്രി പിണറായിക്ക് തോട്ടം തിരികെ പിടിക്കണമെന്നു തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിൽ ആശങ്കാകുലരായ തോട്ടം ഉടമകൾ തലസ്ഥാനത്തെത്തി സി പി എം ഉന്നതരെ കണ്ടു. പിന്നീട് നടന്നതെല്ലാം അതീവ രസകരമായ കാര്യങ്ങളാണ്. തോട്ടം ഏറ്റെടുത്താൽ തൊഴിലാളികൾ പട്ടിണിയിലാകുമെന്ന വിചിത്ര വാദം പൊങ്ങി വന്നു. തോട്ടം ഉടമകൾ തന്നെയായിരുന്നു നീക്കത്തിന് പിന്നിൽ. തൊഴിലാളികൾ എന്നു കേട്ടാൽ ഹാലിളകുന്ന സി പി എം കൂടുതലൊന്നും ആലോചിച്ചില്ല. സി പി ഐ യുടെ തീരുമാനം തത്കാലം മരവിപ്പിക്കാൻ പാർട്ടി മുഖ്യന് നിർദ്ദേശം നൽകി. അതേ സമയം സർക്കാർ ഏറ്റെടുത്താലും തൊഴിൽ നഷ്ടപ്പെടില്ലെന്നും തോട്ടത്തിന്റെ പ്രവർത്തനം പഴയപടി നടക്കുമെന്നും വനം മന്ത്രി തൊഴിലാളികൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതിന് ഫലമുണ്ടായില്ല.
ഏഴ് എസ്റ്റേറ്റുകൾ ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. അനുമതിയില്ലാതെ ഭൂമി കൈമാറിയെന്നും മരം മുറിച്ചെന്നുമുള്ള ആരോപണങ്ങളാണ് വനം മന്ത്രി ഫയലിൽ ഉയർത്തിയത്. അതെല്ലാം സത്യമായ കാര്യങ്ങളായിരുന്നു. വനം മന്ത്രി നിയമ വകുപ്പിനെ കൂടി കാണിച്ചിട്ടാണ് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ മുഖ്യമന്ത്രിക്ക് അത് വിശ്വാസമായില്ല. അദ്ദേഹം നേരിട്ട് ഫയൽ നിയമ സെക്രട്ടറിക്ക് കൈമാറി. അപ്പോൾ നിയമ സെക്രട്ടറി ഫയലിൽ ഭൂമി ഏറ്റെടുക്കാൻ നിയമതടസ്സമില്ലെന്ന് പറഞ്ഞു. തുടർന്ന് അഡ്വക്കേറ്റ് ജനറലിൽ നിന്ന് മുഖ്യമന്ത്രി അഭിപ്രായം തേടി. നിയമോപദേശം ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ നിയമകുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഫയൽ എ.ജിക്ക് അയച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.
തോട്ടങ്ങൾ ഏറ്റെടുക്കുന്നതിൽ സി പി എം തടസം നിന്നാൽ സി പി ഐ വീണ്ടും പ്രതിഛായ യുദ്ധത്തിന് തയ്യാറെക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























