ജയിൽ അനുഭവം സാധാരണക്കാർക്കും മനസ്സിലാക്കാൻ സംവിധാനം ഒരുങ്ങുന്നു ; കാശ് കൊടുത്താൽ ഒരു ദിവസം ജയിലിൽ തങ്ങാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി ജയിൽ വകുപ്പ്

കാശ് കൊടുത്താൽ ഒരു ദിവസം ജയിലിൽ തങ്ങാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി ജയിൽ വകുപ്പ്. ജയിൽ യൂണിഫോമിൽ, അവിടത്തെ ഭക്ഷണം കഴിച്ച് ആർക്കും ഒരു ദിവസം ജയിലിൽ തങ്ങാൻ അവസരമൊരുക്കുന്ന പദ്ധതി ജയിൽ വകുപ്പ് സർക്കാരിനു കൈമാറി. വിയ്യൂർ സെൻട്രൽ ജയിലിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാൽ 24 മണിക്കൂർ ജയിൽ വേഷത്തിൽ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. ജയിൽ വളപ്പിനകത്തു പുരുഷൻമാർക്കും സ്ത്രീകൾക്കും താമസിക്കാൻ പ്രത്യേക ബ്ലോക്കുകൾ ലഭ്യമാകും.സാധാരണക്കാർക്കു ജയിൽ അനുഭവം മനസ്സിലാക്കാൻ വേണ്ടിയാണിത്.അതേസമയം യഥാർഥ തടവുകാരുമായി ഇടപഴകാൻ കഴിയില്ല. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം, പുറത്തുള്ളവരെ ജയിലിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഈ സാഹചര്യത്തിലാണു ജയിൽ അനുഭവം സാധാരണക്കാർക്കും മനസ്സിലാക്കാൻ സംവിധാനം ഒരുക്കുന്നത്.
ജയിൽ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സർക്കാർ ഈ വർഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വർഷവും മൂന്നുകോടി അടുത്ത വർഷവും ലഭിക്കും. തൂക്കുമരം, ഏകാംഗ തടവുകാരെ പാർപ്പിക്കുന്ന സെൽ, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകൾ, ജയിൽ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന ‘ബ്ലാക്ക് വാറന്റ്’ ഉത്തരവ്, പഴയ രേഖകൾ, ചിത്രങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ പ്രദശർപ്പിക്കും. നിലവിൽ, തെലങ്കാന ജയിലിൽ 500 രൂപ നൽകിയാൽ ഒരു ദിവസം അവിടെ കിടക്കാം.
https://www.facebook.com/Malayalivartha


























