ശശി തരൂരിനെ പിന്തുണക്കണമെന്ന് സി പി എമ്മിന്റെ അഖിലേന്ത്യാ നേതാവ് പ്രകാശ് കാരാട്ട് അറിയിച്ചതോടെ തരൂരിന് വേണ്ടി കോടിയേരിയും രംഗത്ത് ; വേണമെങ്കിൽ ഇടതുപക്ഷം സീറ്റും വാഗ്ദാനം ചെയ്യും

ശശി തരൂരിനെ എ ഐ സി സി കൈവിട്ടപ്പോൾ സി പി എം സഹായിക്കാൻ സന്നദ്ധമായി. ശശി തരൂരിനെ പിന്തുണക്കണമെന്ന് സി പി എമ്മിന്റെ അഖിലേന്ത്യാ നേതാവ് പ്രകാശ് കാരാട്ട് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതോടെയാണ് തരൂരിന് വേണ്ടി കോടിയേരി രംഗത്തെത്തിയത്. രാജ്യത്തെ ഒരു സി പി എം ഉന്നതന്റെ ഭാര്യയുടെ ഉറ്റ ബന്ധുവാണ് തരൂർ. നേതാവിന്റെ ഭാര്യ മലയാളിയാണ്.
തിരുവനന്തപുരം പാർലെമെൻറ് സീറ്റിൽ തരൂരിന് പകരം മറ്റൊരാളെ മത്സരിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സി പി എം പിന്തുണയുമായി രംഗത്തെത്തിയത്. അതോടെ വെട്ടിലായത് കോൺഗ്രസാണ്.
നേരത്തെയും തരൂരിനെ പിന്തുണക്കാൻ സി പി എം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം പാർലെമെൻറ് മണ്ഡലത്തിൽ തരൂർ വിജയിക്കുന്നത് സി പി എമ്മിന്റെ കൂടെ സഹായത്തോടെയാണ്. തരൂർ മത്സരിക്കാനിറങ്ങുമ്പോൾ സി പി എം സഹായത്തിനിറങ്ങും.
ഹിന്ദു പാകിസ്ഥാൻ പ്രയോഗത്തെ തുടർന്ന് വിവാദത്തിലായ തരൂരിനെ സഹായിക്കാൻ എ ഐ സി സി തയ്യാറായിട്ടില്ല. ചെന്നിത്തല ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. തരൂരിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്നാണ് ഹൈക്കമാന്റിന്റെ അഭിപ്രായം. തരൂരിനെ സഹായിച്ചാൽ ഹിന്ദു വോട്ടുകൾ കോൺഗ്രസിന് അന്യമാകുമെന്ന് കോൺഗ്രസ് കരുതുന്നു. കോൺഗ്രസിൽ നിന്ന് വോട്ടുകൾ ചോർന്നാൽ അത് ചെന്നെത്തുക ബിജെപി കോർട്ടിലായിരിക്കും.
രമേശ് ചെന്നിത്തല തരൂരിനെ പിന്തുണച്ചത് മറ്റൊരു നിർവാഹവുമില്ലാത്തതു കൊണ്ടാണ്. ആദ്യം ചെന്നിത്തലയും വിവാദത്തിൽ പങ്കുകൊള്ളാൻ തയാറായില്ല. എന്നാൽ സംസ്ഥാന നേതാക്കൾ മൊത്തത്തിൽ തരൂരിനെ സഹായിക്കാനെത്തിയതോടെയാണ് ചെന്നിത്തലയും തരൂരിന്റെ കരം ഗ്രഹിച്ചത്. സംസ്ഥാന നേതാക്കൾ എന്തെല്ലാം പറഞ്ഞാലും ഹൈക്കമാന്റ് ഇതിനെ ഒരു അധികപ്രസംഗമായാണ് കരുതുന്നത്.
അതിനിടെ തരൂരിന്റെ നിലപാട് ഇടതുപക്ഷത്തെ സഹായിക്കുന്നതാണെന്ന് ഇടതുപക്ഷം കരുതുന്നു. തരൂരിനെ സഹായിച്ചാൽ ഹിന്ദു ഇതര സമുദായംഗങ്ങൾ സിപിഎമ്മിനൊപ്പം നിൽക്കുമെന്ന് സി പി എം വിശ്വസിക്കുന്നു. അഭിമന്യു വധത്തെതുടർന്ന് എസ്ഡിപിഐ നേതാക്കൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകുമ്പോൾ മുസ്ലിം വിഭാഗത്തിൽ നിന്ന് എതിർപ്പുണ്ടാകാതിരിക്കാനുള്ള നീക്കമായാണ് സി പി എം ഇതിനെ കാണുന്നത്. വേണമെങ്കിൽ തരൂരിന് ഇടതുപക്ഷം സീറ്റും വാഗ്ദാനം ചെയ്യും.
എന്നാൽ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് തലയൂരാനാണ് തരൂർ ശ്രമിക്കുന്നതെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. തരൂരിന്റെ പ്രസ്താവനയിൽ ആത്മാർത്ഥതയില്ലെന്നും അവർ വാദിക്കുന്നു.
https://www.facebook.com/Malayalivartha


























