ലൈംഗിക പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നേരിട്ട് പരാതി നല്‍കിയിട്ടില്ല; മുന്‍ നിലപാടില്‍ ഉറച്ച് അന്വേഷണസംഘത്തോട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രണ്ടു മണിക്കൂറോളം നീണ്ട ചോദ്യ ചെയ്യലിൽ ലൈംഗിക പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ തന്നെ കര്‍ദ്ദിനാള്‍ ഉറച്ചു നിൽക്കുകയാണ്.
വൈകിട്ടോടെയാണ് സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേത്യത്യത്തിലുള്ള 4 അംഗ അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയതെന്നും. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല്‍ മറ്റാരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു. അതേസമയം കര്‍ദ്ദിനാള്‍ മൊഴി നല്‍കിയതായി ഡി.വൈ.എസ്‌പിയും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിന്റെ ഗസ്റ്റ് ഹൗസിലും വച്ച് ബിഷപ്പ് തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈ. എസ്. പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം സംബന്ധിച്ച് സഭാ തലവനായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























