പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ജോലികള്‍ക്ക് പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ജോലികള്‍ക്ക് പൊലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊച്ചി ഉദ്യോഗമണ്ഡലില്‍ പൈപ്പുകള്‍ കയറ്റിറക്കുന്ന ജോലി വിവിധ ചുമട്ടുതൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മൂലം തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) നല്‍കിയ ഹര്‍ജിയില്‍ മതിയായ സംരക്ഷണം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
പദ്ധതി പ്രദേശത്തെ കയറ്റിറക്ക് ജോലിയില്‍ ട്രേഡ് യൂനിയന്‍ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം നോക്കുകൂലി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ഗെയില്‍ അധികൃതര്‍ ഹര്‍ജി നല്‍കിയത്. ഗാര്‍ഹികവാണിജ്യ ആവശ്യങ്ങള്‍ക്ക് പ്രകൃതി വാതകം വിതരണം ചെയ്യാനായി നടപ്പാക്കുന്ന കൊച്ചി മംഗലാപുരം പൈപ്പ്‌ലൈന്‍ പദ്ധതിക്ക് വേണ്ടി വലിയ പൈപ്പുകളാണ് കൊണ്ടുവരുന്നതെന്നും ആധുനിക മെഷീന്‍ സംവിധാനം ഉപയോഗിച്ചാണ് ഇവ കയറ്റിയിറക്കുന്നതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
വാതക പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പ്രത്യേക പരിശീലനം നേടിയവരാണ് ചെയ്യുന്നത്. ഈ മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിക്കാത്ത യൂനിയന്‍ അംഗങ്ങളെ നിയോഗിക്കാനാവില്ലെന്നും ഹരജിക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡി.ജി.പി, ആലുവ റൂറല്‍ എസ്.പി, ഏലൂര്‍ എസ്.ഐ എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.
വിദഗ്ധ പരിശീലനം വേണ്ടാത്തതും ക്രെയിന്‍ ഉപയോഗിച്ചല്ലാത്തതുമായ കയറ്റിറക്ക് ജോലികള്‍ക്ക് തങ്ങളെ പരിഗണിക്കണമെന്ന ചുമട്ടു തൊഴിലാളി യൂനിയനുകളുടെ ആവശ്യം ചുമട്ടു തൊഴിലാളി നിയമപ്രകാരം രൂപം നല്‍കിയ ബോര്‍ഡ് മുമ്പാകെയോ ജില്ല ലേബര്‍ ഓഫിസര്‍ മുമ്പാകെയോ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ പരിശീലനം വേണ്ടാത്ത ജോലികള്‍ക്ക് പുറത്തുനിന്ന് ആളെ എടുക്കരുതെന്നും അത്തരം അനുബന്ധ കയറ്റിറക്ക് ജോലികള്‍ക്ക് കേരള ചുമട്ടു തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























