കാണാതായിരുന്ന ഹസീനയെ തിരികെകൊണ്ടുവരുമ്പോൾ സംഭവിച്ചത് വലിയ ദുരന്തം; പൊലീസ് സംഘം സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിതാ സി.പി.ഒ അടക്കം മൂന്ന് പേർ മരിച്ചു

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്പലപ്പുഴയിൽ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ അടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സി.പി.ഒ ശ്രീകല, ഹസീന, കാറോടിച്ചിരുന്ന നൗഫൽ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അമ്പലപ്പുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്നത് പരിശോധിച്ചു വരികയാണ്.
കൊട്ടിയത്ത് നിന്നുള്ള പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ അമ്പലപ്പുഴ വച്ച് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയത്ത് നിന്ന് ഹസീന എന്ന പെൺകുട്ടിയെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ കുട്ടിയെ അങ്കമാലി പൊലീസ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവർ വിവരം കൊട്ടിയം പൊലീസിനെ അറിയിച്ചു. പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കാൻ പോയതായിരുന്നു പൊലീസ് സംഘം. പെൺകുട്ടിയുമായി കൊട്ടിയത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























