കണ്ണീർക്കാഴ്ചയായി... ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം താമസസ്ഥലത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സങ്കടമടക്കാനാവാതെ... ഭാര്യയെ നാട്ടിലേക്ക് കയറ്റിവിട്ടശേഷം വിമാനത്താവളത്തിൽ നിന്ന് തിരികെ താമസസ്ഥലത്ത് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
ദമ്മാമിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജീവനക്കാരനായ ആലുവ ചാലക്കൽ തോപ്പിൽ വീട്ടിൽ അബ്ദുൽ സത്താർ (56) ആണ് മരിച്ചത്.
വിസിറ്റിംഗ് വിസയിൽ എത്തിയ ഭാര്യ ഷജീന ബീഗത്തെ ഞായറാഴ്ച പുലർച്ചെ ദമ്മാം വിമാനത്താവളം വഴി നാട്ടിലേക്ക് കയറ്റിവിട്ട ശേഷം താമസസ്ഥലത്തേക്ക് തിരിച്ചെത്തിയതായിരുന്നു സത്താർ.
ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നോടെ കൊച്ചിയിലെത്തിയ ഭാര്യ ഷജീന ആ വിവരം ഭർത്താവിനെ അറിയിക്കാനായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഉറങ്ങുകയായിരിക്കുമെന്നാണ് അവർ കരുതിയത്. പതിവായി കമ്പനിയിലേക്ക് സത്താറിനെ കൂട്ടിക്കൊണ്ടുപോകുന്ന സഹപ്രവർത്തകൻ രാവിലെ താമസസ്ഥലത്ത് എത്തി ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ കയറി കാളിങ് ബെല്ലടിച്ചു. പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി വീട് തുറന്നുനോക്കുമ്പോൾ കിടപ്പുമുറിയിൽ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആംബുലൻസ് വരുത്തി പൊലീസ് മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























