തെല്ലും മനഃസ്താപമില്ലാതെ കൂട്ടകൊലപാതക പ്രതികൾ; കൃഷ്ണനെ വകവരുത്താൻ വലവിരിച്ചത് ആറ് മാസങ്ങൾക്ക് മുമ്പ്; ഗൂഢാലോചന നടന്നത് ശനിയാഴ്ച!!

കോളിളക്കം സൃഷ്ടിച്ച കമ്പകക്കാനം കൂട്ടക്കൊല കേസിൽ നിർണായകമായത് ഫോൺകോളുകളുടെ പരിശോധന. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ച സംഘം ആദ്യത്തെ ആറുമാസക്കാലയളവിലെ കോളുകളാണ് ആദ്യം പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽനിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടർന്ന് അതിനും ആറു മാസം മുൻപുള്ള കോളുകൾ പരിശോധിച്ചു.
സ്ഥിരമായി ഒരാൾ കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. അനീഷിന്റെ നമ്പറാണ് ഇതെന്നും കണ്ടെത്തി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുൻപുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് അനീഷിനെ അന്വേഷണസംഘം പിടികൂടിയത്. മന്ത്ര സിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പോലീസ് പറയുന്നു.
സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവിൽ പോയ അനീഷിനായി പോലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികൾ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി. കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി അനീഷിനെ എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അർദ്ധരാത്രി പിടികൂടിയത്. ഇടുക്കിയിലെത്തിച്ച അനീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
അടിമാലി, മാങ്കുളം മേഖലകളിൽ ഒളിവിൽ കഴിയുകയായിരുന്ന അനീഷ് നേര്യമംഗലത്തെ സുഹൃത്തിന്‍റെ വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിലാണ് പിടിയിലായത്. പൊലീസെത്തുമ്പോൾ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വനമേഖലയിലടക്കം ഒളിവിൽ കഴിഞ്ഞ അടിമാലി സ്വദേശി അനീഷ് പിടികൂടുമ്പോൾ ക്ഷീണിതനായിരുന്നു.
കൊലപ്പെട്ട കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. ഇതിനായി സുഹൃത്ത് ലിബീഷിനെയും ഒപ്പം കൂട്ടി. ജൂലൈ 29 ഞായറാഴ്ച അർദ്ധരാത്രി കമ്പകക്കാനത്തെത്തിയ ഇരുവരും ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിന് പുറത്തിറക്കിയ ശേഷം തലയ്ക്കടിച്ച് വീഴ്ത്തി. കൃഷ്ണനെ ആദ്യം ആക്രമിച്ചത് താനാണെന്ന് അനീഷ് മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും മൃഗീയമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ടു.
മുഖ്യപ്രതി അനീഷിനായി ഇടുക്കിയിലെ വനമേഖലയിൽ െപാലീസ് വ്യാപക തിരച്ചിൽ നടത്തുമ്പോഴും കൂട്ടുപ്രതി ലിബീഷിന് ഭാവമാറ്റങ്ങളോ മനഃസ്താപമോ ഉണ്ടായില്ല. പൊലീസിന്റെ ചോദ്യങ്ങൾക്ക് യാതൊരു കുലുക്കമില്ലാതെയാണ് ഇയാൾ മറുപടി നൽകിയത്. ഒൻപതാം ക്ലാസു വരെ മാത്രം പഠിച്ച ലിബീഷ് മദ്യത്തിനും കഞ്ചാവിനും അടിമയാണെന്നു പൊലീസ് പറഞ്ഞു. ഷാപ്പുംപടിയിൽ ഒരാളുടെ തല അടിച്ചു തകർത്ത കേസിൽ പ്രതിയാണു ലിബീഷ്. നാലു മാസം മുൻപാണു ഇയാൾ വിവാഹിതനായത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അനീഷാകട്ടെ, നാട്ടുകാരുമായി അകന്നു നിൽക്കുന്ന പ്രകൃതമാണെന്നു പൊലീസ് പറഞ്ഞു. പഠനകാലയളവിൽ റേഷൻകടയിൽ അതിക്രമം കാട്ടി പണം തട്ടിയെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടു വർഷം മുൻപു കൊരങ്ങാട്ടിയിൽ പ്രദേശവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിലും കേസുണ്ട്. മന്ത്രവാദത്തിനു പുറമേ പെയിന്റിങ്ങ് ജോലിക്കും ഇയാൾ പോകാറുണ്ട്. ബൈക്കിലാണു സഞ്ചാരം. മദ്യപാനത്തിനും കഞ്ചാവിനും വേണ്ടിയാണ് ഇയാൾ പണം ചെലവഴിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























